ചുവന്ന ചുണ്ടുള്ള തത്തകൾക്കും
മഴവിൽ നിറമുള്ള കുരുവികൾക്കും
ചുറ്റിലുമെപ്പോഴും കമ്പിവലകൾ കൊണ്ട്
അതിരുകൾ തീർക്കപ്പെട്ടു..
ഇരുട്ടിൻ്റെ പുഴയിൽ മുങ്ങി
കറുത്തു പോയത് കാക്കകൾക്ക്
തുണയായി, കൂട്ടിലടച്ചിട്ടില്ലാരും.
കറുത്ത ചുണ്ടുകൾ വിടർത്തി
മനോഹരമായി പാടിയെങ്കിലും
കുയിലുകൾക്ക് റിയാലിറ്റി ഷോയിൽ
ഇടം നേടാനാവാതെ പോയീ..
വെളുത്തു പോയ മുടിയിഴകളിൽ
കറുപ്പു വാരിയണിഞ്ഞവർ പോലും
വെളുത്ത പ്രാവുകളെ മാത്രം തേടി,
കൂട്ടിലിട്ട് ചിറകുകളരിഞ്ഞ് ഓമനിക്കാൻ!
പാലു പോലെ വെളുത്തിട്ടും
കറുത്തു പോയ കാലുകൾ നോക്കി
കൊറ്റികൾ നെടുവീർപ്പിട്ടു,
വെളുപ്പിക്കാനേറെ മരുന്നു തേച്ചിട്ടും
കറുത്തു പോകുന്ന കൊള്ളിക്കാൽ
കനിഞ്ഞു തന്ന വെളുത്ത പകലിൻ്റെ
കൂട്ടിലിടാത്ത സ്വാതന്ത്ര്യം തിരിച്ചറിയാതെ !
കറുത്ത കട്ടൻ ചായയെ വെളുത്ത
പാലൊഴിച്ച് മേക്കോവർ നടത്തിയവർ
കരിമൂർഖനേയും കരിവണ്ടിനേയും
കരിന്തേളിനെയും ബ്ലീച്ച് ചെയ്യാൻ
പലവഴി കളന്വേഷിച്ച് പരാജയപ്പെട്ടു.
നിറങ്ങളും വെൺമയും മത്സരിച്ച
പൂന്തോട്ടങ്ങളിലൊന്നിൽപ്പോലും
ഒരൊറ്റ കറുത്ത പൂപോലും
മഷിയിട്ടു നോക്കീട്ടും കാണാനായില്ല!
കറുപ്പു തിന്ന് മുരടിച്ച കരളും
വെളുപ്പു തേടി മയങ്ങിയ മനസുമുള്ളവർ
ഇരുട്ടിൻ്റെ കറുപ്പു ഭയന്ന് കണ്ണടയ്ക്കുമ്പോഴേക്ക്
നിറമുള്ള സ്വപ്നങ്ങളെ മാത്രം
കൂട്ടിനു കൂട്ടി സ്വസ്ഥമായുറങ്ങി..
ഒടുവിലത്തെയുറക്കത്തിൽ മാത്രംകിട്ടുന്ന
ഇരുട്ടിൻ്റെ ശാന്തതയെക്കുറിച്ചോർക്കാതെ.






