Friday, December 14, 2018

ചെമ്പരത്തി

ചെമ്പരത്തി
അനുരാഗ മധുരം പുരട്ടി ഹൃദയങ്ങളിലേക്ക്
കുലച്ച അമ്പുകളുടെ തുമ്പത്ത്
അറിയാതെ പോലുമാരുമെന്നെ കോർത്തില്ല!
എനിക്കു പതിച്ചു തന്നതോ,
ഉന്മാദത്തിന്റെ പടഹധ്വനി കേൾക്കും
ബാഹ്യ കർണ്ണങ്ങൾ മാത്രം!
ചങ്ക്തുളച്ചു കേറുന്ന കത്തിത്തലപ്പത്തെ
ചൂടിന്റെ ചായം തേച്ചാണ് ഞാൻ വിരിഞ്ഞത്
വെറുപ്പും, വേദനയും, വടിവൊത്ത സ്വപ്നവും
തലങ്ങും വിലങ്ങും ചാലിട്ടൊഴുകുംഞരമ്പുകൾ
അതിനൊക്കെയപ്പുറം കൗതുകത്തിന്റെമിനുപ്പ് ,
നൊമ്പരം ചേർത്തൊന്നമർത്തിപ്പിഴിഞ്ഞാൽ
കാഴ്ച കൊത്തിപ്പറിക്കുമിരുട്ടിൻ കറുപ്പ്!
എങ്കിലും ജീവന്റെ നടയിലെരിയും തീപ്പന്തമായ് ഞാൻ
വിരിഞ്ഞെത്ര വസന്തത്തിനേകീ ഇടിമുഴക്കം!
തലയുയർത്തി ,ഉയരങ്ങളിൽ മിഴിയൂന്നി,
ആകാശം മാത്രം കിനാവു കണ്ട്,
വിശുദ്ധിയുടെ വെളുപ്പും സ്നേഹസുഗന്ധങ്ങളും
ഉപേക്ഷിച്ച്, അന്തിച്ചോപ്പിന്റെ  നിശബ്ദമന്ത്രമായ്
പൂക്കാലങ്ങൾതീർത്തുകൊണ്ടേയിരിക്കുo.
പൂമ്പാറ്റകൾക്കും പൂങ്കാറ്റിനും വേണ്ടാത്ത
ഒരപരാധിയുടെ വിജയഗാഥകൾ രചിച്ചു,
ഒറ്റയാനാവുന്നതിൽ പരം ആത്മഹർഷം
മറ്റേതു ജന്മത്തിനു നല്കാനാവും ?-
അനുപമ കെ.ജി(12/12/18)

No comments:

Post a Comment