Wednesday, December 12, 2018

സമാന്തരം

                                             
തകർന്ന പ്രണയത്തിന്റെ ചീളുകൾക്കിടെ
ഞാനിവിടെ ഒറ്റക്കിരിപ്പുണ്ട്, നീയോ?
ലാളനകളുടെ മാറാല പിടിച്ച ഓർമകൾ
തട്ടി മിനുക്കാതെ, ഇരുട്ടിലേക്ക് വേരുകൾ
താഴ്ത്തി ,വെളിച്ചത്തെ തൂക്കിലേറ്റിയ
കൺകോണിൽ വരൾച്ചയുടെ നീറ്റലാറ്റാൻ
നിന്റെ ചിരി ഓർത്തെടുക്കാൻ വൃഥാ ശ്രമിച്ച്
ഈ റെയിൽപ്പാളത്തിന്റെ സമാന്തരത്തിൽ
മനസുരുക്കി ഞാനിവിടെത്തന്നെയുണ്ട്, നീയോ?
കലാപമുയർത്തി കുതറിയോടിയ
 കറുത്ത തീവണ്ടികൾ പാളംതെറ്റി
 കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തി
വെളിച്ചത്തിന്റെ അവസാനതുള്ളിയും
 കുടിച്ചുവറ്റിച്ച കോടമഞ്ഞിൽ
പാളങ്ങൾ വെറുങ്ങലിച്ചു
തൂങ്ങിയാടാനുള്ള മരക്കൊമ്പു തേടി
 ആത്മാവും പടിയിറങ്ങി
 കുതിച്ചെത്തുന്ന ഒരിരമ്പത്തിനു കാതോർത്ത്
ഞാനിവിടെത്തന്നെയുണ്ട് ,വേറെവിടെ പോകാൻ!!  

No comments:

Post a Comment