നിന്റെ കൂർത്ത നഖങ്ങളാൽ
വിവസ്ത്രയാക്കപ്പെട്ടവൾ ഞാൻ
പൊള്ളുന്ന ചൂടിലിറച്ചി വേവുമ്പോളും
ഒരു ചീള് തണൽ ബാക്കിയാക്കാതെ
ഉരിഞ്ഞെടുത്തത് എന്റെ മാനം
കിനിയാനിറ്റു കണ്ണീരില്ലാതെ
ഊറ്റി വറ്റിച്ചതെന്റെ ധമനികൾ!
കുടിവെള്ളം തിരഞ്ഞ് തുളച്ചുതുളച്ച്
നിന്റെ കരങ്ങൾ നീണ്ടത്
എന്റെ ഗർഭാശയത്തിലേക്കാണ്,
ജീവരക്തവുമൂറ്റി നിവർന്നു
തലപൊക്കിഞെളിയുമ്പോൾ
നാളത്തെ ദാഹത്തിനെന്തെന്ന്
നീയോർക്കാൻ പഠിച്ചില്ല
അഗാധ ഗർഭങ്ങളിലിരുന്ന്
വരും തലമുറ ശ്വാസം കിട്ടാതെ
പിടഞ്ഞതും , അലറിക്കരഞ്ഞതും
നീ കണ്ടതേയില്ല!
കോൺക്രീറ്റ് മാത്രം മുള പൊട്ടുന്ന
മച്ചിയായ് തളർന്നത് ഞാൻ .
പൂക്കളും പുഴയും കാറ്റും കിളികളും
നീ പിഴുതെറിഞ്ഞതിലാണ് പെട്ടത്
എല്ലില്ലാ നാവും കുനഷ്ഠു നിറയും
തലച്ചോറും മാത്രമായ് നീ വളർന്നത്
ഞാൻ കാണാതെയല്ല,
നിലാവിന്റെ കുളിരിലും ,മഞ്ഞിലും
മഴത്തുള്ളിച്ചിരിയിലും നീ വിഷംതേച്ചത്
ഞാനറിയാതെയുമല്ല,
-നിന്റെ നാശം തടുക്കാനെനിക്കറിയാഞ്ഞിട്ട്.
ശ്വാസം നേർക്കുമ്പോൾ ഞാൻ
പിടച്ച ഓരോ പിടപ്പും
നിന്നെ ഉണർത്താനായിരുന്നു
നീയുറങ്ങുകയല്ല, ഉറക്കം നടിക്കുകയല്ലേ?
ഇനി തേടിയെത്തുന്ന ഉറക്കം കെട്ട
രാവുകൾക്കൊടുവിൽ നീയുറങ്ങും
നിത്യനിതാന്ത നിദ്ര, അതുവരെ
ശുഭരാത്രി...
അനുപമ .കെ .ജി
26/4/16
No comments:
Post a Comment