Friday, August 25, 2023

പഴി..

 കാൽപ്പാടു പതിയാതെ നടന്നു വന്ന വഴിയിൽ

കൊഴിഞ്ഞു കിടന്ന വസന്തങ്ങൾക്ക്

 നിന്റെ ഗന്ധം !

ഇലകൾ വീണു മൂടിപ്പോയ പൂക്കളെ

ഞാൻ മറന്നില്ലൊരിക്കലും,

നീയും മറന്നില്ലെന്നറിഞ്ഞില്ലയെങ്കിലും !

 നമ്മെ തിരിച്ചറിയാതെ

പോയത് പൂക്കളാണല്ലേ!

പൂക്കാമരങ്ങളിൽ തളിരിട്ട

ആകാശനീലകൾ

സ്വാതന്ത്ര്യമെന്ന് നാം

വെറുതെകൊതിച്ചപ്പോൾ

നക്ഷത്രരാത്രികൾ തേങ്ങിക്കരഞ്ഞതെന്തെന്ന്

തിരിച്ചറിയാൻ നാമൊരുപാട് വൈകിയോ ?

വെളിപാടുകളെന്നെന്നും

വൈകിയെത്തുന്ന

സത്യങ്ങളാണ്

കാലം തെറ്റിച്ചവയ്ക്ക്

വെളിപ്പെടാനാവില്ല തന്നെ!

കട്ടു സൂക്ഷിച്ച ഏതാനും കനലുകൾ കരിക്കട്ടയാവോളം

ഒളിപ്പിച്ചു വെച്ചതിന്

എനിക്കെന്നെ മാത്രമേ

പഴിക്കാനുള്ളു!

ഒരു വിരലകലത്തിൽ

നിന്നപ്പോഴും 

തൊട്ടു വിളിക്കാതെ

ഒരു വാക്കുരിയാടാതെ

മൗനത്തിന്റെ 

കടൽ തീർത്തതിന് ,

കൺകോണിലെ വളഞ്ഞ നോട്ടങ്ങളെ

കണ്ടെടുക്കാത്തതിന്,

അടക്കിയിട്ടും 

പുറത്തു ചാടിപ്പോയ

ഹൃദയതാളങ്ങളെ

കേൾക്കാത്തതിന്,

കണ്ണീരിലുപ്പിലിട്ടു സൂക്ഷിച്ച കിനാക്കളെ

തുറന്നു വിടാത്തതിന്,

ഇതിനെല്ലാം നാമാരെ

പഴി പറയണം?

നമ്മെ മാത്രം!

ഞാനെന്നെയും

നീ നിന്നെയും!

ഇനിയെങ്കിലും

കനവിലൊന്നലിയാൻ

കൊതിക്കുമ്പോഴേക്ക്

കടലുകളിരമ്പുന്നതെവിടെയാണ്?

മനസിലല്ല തീർച്ച!

Thursday, July 6, 2023

നിരാശ

                         അനുപമ കെ ജി

വേനലിന്റെ വരവറിയിച്ച്

കമ്പി വന്നപ്പോൾത്തന്നെ

വഴിതെറ്റി വന്ന മഴത്തുള്ളിയുടെ

വിരൽപിടിച്ച് പുഴ ഒളിച്ചോടി.

തോടുകളുടെ വീണ്ടുകീറിയ നെഞ്ചകം

മറച്ചുവെക്കാനാവാത്ത വിധം

വെളിപ്പെട്ടു പോയതിന്റെ വിങ്ങൽ

കാറ്റിലൊരു തേങ്ങലായ് കേട്ടു.

കാത്തുകാത്തു മടുത്ത കടൽ

സന്ധ്യകൾ തോറും പുഴയെത്തേടി

കരയിലേക്ക് യാത്രക്കൊരുങ്ങി.

അഴിമുഖത്താകെ അലനിലച്ച്

മരണവീടിന്റെ മൗനം പതിയിരുന്നു.

വെയിൽച്ചൂടിൽ പുകഞ്ഞ 

പകലുകളെവെറുത്ത കടപ്പുറങ്ങൾ

ആൾത്തിരക്കിന്റെ സന്ധ്യകൾ

കടലെടുക്കണേയെന്നാശിച്ചു.

ഒരു മഴമാത്രം പെയ്തു കരിഞ്ഞുപോയ

മാമ്പൂക്കിനാക്കളിൽപ്പൂക്കാനിനി

മിന്നാമിനുങ്ങുകൾപോലും വരില്ലെന്ന്

രാത്രിയോടാരോ ആണയിട്ടു.

ഇരുട്ടുപൂത്ത മലമുകളിലപ്പോൾ

കരിഞ്ഞുണങ്ങിയ പാറകളുടെ ചൂര് .

ആകാശത്തേക്കു കൊളുത്തിട്ടു കെട്ടിയ

ഏതോ ദു:സ്വപ്നത്തിൽ തൂങ്ങി

വെളുത്ത മുടിയുള്ള കുഞ്ഞു നക്ഷത്രം

ആത്മഹത്യ ചെയ്യാനൊരുമ്പെട്ടു.

നിരാശക്കെന്നുംനരച്ചരാത്രിയുടെനിറo, 

മണ്ണിന്റെയും വിണ്ണിന്റെയും 

നെഞ്ചു തുളച്ച ചോരയുടെ ഗന്ധവും ..


Thursday, April 13, 2023

കാടും കടലും

 കാടിന്നുനടുവിലുംകടലിനെയോർക്കുന്നവരോട്

പ്രണയത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല

കണ്ണീരുപ്പുതീണ്ടി വക്കടർന്ന രാപകലുകളിൽ

കടൽക്കാറ്റിൽപുതഞ്ഞ് ,കൈകോർത്ത കിനാക്കൾ കിലുക്കി ,

പ്രണയമാപിനിയുടെ സൂചികൾ നിലവിട്ട് കുതിച്ചതും,

ജ്വരബാധയേറ്റ് കിനാമധുരങ്ങൾ ഉരുകിയലിഞ്ഞതും

അവരോളമറിയുന്നവർ ആരുണ്ട് വേറെ?

കാത്തിരിപ്പിന്റെയന്ത്യത്തിലുയർന്ന

ദ്രുതഹൃദയ താളങ്ങളും

ഉയിരിന്റെ കണങ്ങളിൽ വിരിഞ്ഞ പൂക്കാലവും

മൗനത്തിൽ നിന്നവർ ഒപ്പിയെടുത്തേക്കാം

മിഴിയിൽ തിളച്ചൊഴുകുന്ന നിഗൂഢമായ പ്രണയം 

പിന്നെ നാമെങ്ങനെ പറയാതൊളിച്ചു വെക്കും !


കണ്ണിൽ ഇരവിന്റെ കൺമഷിയെഴുതീ ഇന്നെന്റെയമ്പിളി !

തീരാത്ത കാത്തിരിപ്പിനൊടുവിൽ

തപ്താനുരാഗം കനിഞ്ഞ സൂര്യനെ മാത്ര മോർത്ത്❤️

നിലയ്ക്കാത്ത നിനവുകൾ ചേർത്ത് വച്ച്

മനക്കോട്ട കെട്ടുന്നതിൽ രാവും പിന്നിലല്ല ,

രപ്പൂക്കളുടെ മണം തേച്ച വിരലുകളിരുളിലൊളിപ്പിച്ച

കുളിരു മാറ്റാൻ പ്രണയത്തിന്റെ

പുതപ്പു തുന്നിക്കാത്തിരിപ്പായിരുന്നു.

ഊർന്നു വീഴുന്ന പെരുമഴത്തുള്ളികളെ

പോലും തിളപ്പിച്ച

ഉടലിന്റെ ഊഷ്മാവ് തൊട്ടറിയാൻ

വന്നപോൽ രാമഴയും….

എല്ലാം അറിയുന്നവരോട് പ്രണയത്തെക്കുറിച്ചല്ലാതെ

മറ്റെന്തിനെക്കുറിച്ചു പറയാൻ ….😍

മറക്കാൻ

 ആരൊക്കെയോ കാലങ്ങളായി

ഇരുന്നിരുന്ന് ചതഞ്ഞു പോയ

കസേരയിൽ ഞാനും..

കാത്തിരുപ്പിനർത്ഥമില്ലെന്ന്

ഓരോ നിമിഷവും മാഞ്ഞു

പോകവേ കാതിൽ ചൊല്ലി.

എങ്കിലും വെറുതേ…


 തിരക്കുകൾക്കിടെ നീ

എന്നെ എവിടെയൊക്കെയോ

മറന്നു വെക്കുന്നു..

തിരികെ വന്ന് തിരിച്ചെടുക്കാൻ

പലപ്പോഴും മറന്നു പോകുന്നു.

നിന്റെയൊരു വാക്കെങ്കിലും

തിരികെ വിളിക്കുന്നതും കാത്ത്

കണ്ണിലെ തിരി കെടുത്താതെ

ഞാൻ കാത്തിരിക്കുമെന്ന്

നീയൊരിക്കലും മറക്കരുതേ ..


നീ വിരിയാത്ത ചില്ലകളിലെന്നും 

ഇലയുതിരുന്ന ശിശിരമായിരുന്നു

നീയുണരാത്ത വീണയിൽ

മൗനരാഗം മാത്രം ശ്രുതിയിട്ടിരുന്നു..

നീയുദിക്കാത്ത രാത്രികളിലെന്നും

അമാവാസിയുടെ കറുപ്പും ….

നീ പെയ്യാത്ത സന്ധ്യകളിൽ

കിനാവുകളുടെ തേങ്ങലും…

ഇണ പോയ പ്രാവിന്റെ കുറുകലും മാത്രം.


മറന്നു പോകലുകൾക്കും ദൂരെ

എന്നെയോർക്കാതിരിക്കുമ്പോൾ

ശ്വാസം നിലച്ചുപോയിരുന്ന

നിന്നെക്കുറിച്ചുള്ള തേൻമധുരങ്ങൾ

ഇപ്പോഴും നെഞ്ചിൽപ്പതിച്ച്

ഞാനിവിടെ തറഞ്ഞിരിപ്പുണ്ട്…

തെറ്റിയ വഴികൾ

 അന്നൊക്കെ..നിന്നെത്തിരഞ്ഞ്

തിരഞ്ഞു ഞാൻ പോയി..,

പിന്നീടെപ്പൊഴോ

തെറ്റാൻ മറന്നൊരുവഴിയുടെ അറ്റത്ത്

എന്നെത്തന്നെ കാണാതായി..

മടക്കുകളിൽ വിള്ളൽ വീണ

 വാക്കുകളുടെ പുസ്തകം

ഞാനും നീയും ഇപ്പോൾ തുറക്കാറില്ല.. ,

തുറന്നപ്പോഴൊക്കെ ഇടിമിന്നലായി

 തോരാതെ പെയ്തപേമാരികൾ

ഓർമ്മയിലുള്ളത് കൊണ്ടാവണം … !

ഇടനെഞ്ചിലലയടിച്ച കടലിന്റെ

ഇരമ്പം എപ്പോഴാണ് ശമിച്ചത്?

അലയടങ്ങിപ്പോയിട്ടും മറക്കാതെ,

വേലിയേറ്റങ്ങൾക്കെല്ലാം

 ഇറക്കങ്ങളുമുണ്ടായി..

എങ്കിലും,

ഏറ്റത്തിരകളിലടർന്നകടൽ ഭിത്തികൾ 

പിന്നീടൊരിക്കലും മുറികൂടിയില്ല.


വറ്റിപ്പോയ ഉറവകൾ തേടി

ഇന്നോളം അലഞ്ഞ കാടുകൾ

ഇപ്പോൾ മറ്റാരുടേതോ ആണ്

നേരത്തെ കിനിച്ചിലുകളിൽ

ചുണ്ണാമ്പ് ചേർത്ത് വിടവടച്ച

അണക്കെട്ടുകളിലെല്ലാം 

കാലത്തിൻറെ മന്ത്രവാദം ! 

തിരകൾ തീർന്നു പോയ സമുദ്രങ്ങൾ 

കാറ്റ് പുതച്ച് ഉറങ്ങിപ്പോയതും

നങ്കൂരങ്ങളിൽ പവിഴപ്പുറ്റ് വളർന്ന

കപ്പലുകളിൽ കടൽ വന്നുനിറഞ്ഞതും 

ഉടല് വേവാൻ തുടങ്ങിയ  

രാത്രിയോളം മറ്റാരറിയാൻ ! 

കാട്ടുതെച്ചികൾ കൂട്ടംതെറ്റി വിരിഞ്ഞ

നാട്ടുവഴികളിൽ വാപിളർന്ന മാളങ്ങൾ

അധോലോകങ്ങളിൽ ആരുമറിയാതെ പടയോട്ടങ്ങൾക്ക് വഴിയൊരുക്കി

പ്രണയം


രാത്രിയും പകലും നിലാവുമറിയാതെ

ഞാൻ കാത്തിരുന്നതത്രയും

നിൻറെ കനിവൂറുമീ വാക്കുകൾക്കത്രേ !

എൻറെ ഹൃദയത്തിൽ നിന്നും

നിന്നെ  അലിയിച്ച്കളയാനുള്ള

രാസവസ്തുക്കളൊന്നും ആർക്കുമൊരിക്കലും കണ്ടെത്താനാവില്ല ,

അത്രയ്ക്കും നീയെന്നിൽ കലർന്നിരിക്കുന്നു😍

നിൻറെ കൺപീലിത്തുമ്പിലൊരു കനവായി ഞാൻ ചേക്കേറിയിട്ട്കാലമേറെയായി ,

എൻറെ ചുണ്ടിലെ മധുരമായും കണ്ണിലെ വെളിച്ചമായും നീ മാറിയിട്ടും …..

നമ്മുടെ ആകാശത്തിന്റെയതിരു തേടുന്നവർ

അവരുടെ പാഴ് ശ്രമങ്ങളെ അറിയുന്നില്ല

നീയില്ലാതെ ഞാനും ഞാനില്ലാതെ നീയും ഇനിയില്ലെന്ന രഹസ്യം അവരറിയേണ്ട

നമുക്ക് നിലാച്ചിറകുകൾ ചേർത്തുവച്ച് പ്രണയസ്വർഗ്ഗങ്ങളിലേക്ക് പറക്കാം

കാറ്റിനു കടലിനും മഴക്കാറിനുമൊന്നും നമ്മെ തടയാനാവില്ല ,നീയെന്റേതാണ് !

ഞാനെന്നും നിന്റേത് മാത്രവും❤

നിൻറെ ചിരിയിൽ വിരിഞ്ഞിറങ്ങുന്ന

പൂമ്പാറ്റകളെ ഉമ്മ വച്ച്

നിൻറെ കണ്ണിൽ പൂക്കുന്ന പവിഴമല്ലികളിൽ

മുഖം ചായ്ച്ചു വെച്ച്

നിൻറെ ശ്വാസത്തിലുതിരുന്നയീണങ്ങൾ

നെഞ്ചോട് ചേർത്ത് വേണം 

ഇനിയെനിക്കൊന്നുറങ്ങാൻ

അവസാനത്തെയുറക്കം പോലും😘


Friday, March 24, 2023

പ്രണയാനന്തരം

 

ഇലത്തുമ്പിലൂർന്നു വീഴും

മഴത്തുള്ളി പോലുമെന്തേ

ഒരു മിഴിനീർമണിയും

കടം തരാനില്ലെന്നോതീ ?

ഒരുപാടു കാലം നെഞ്ചിൽ

കുടിവെച്ച മോഹമൊന്ന്

ഇടം വലം നോക്കാതേയി

ന്നിറങ്ങിപ്പോയിടുമ്പോൾ .

മിഴിയൊന്നടച്ചീടാതെ 

നിലാവുള്ള രാത്രിയെത്ര

കുടിച്ചു ഞാൻ തീർത്തതാണീ

നറും സ്വപ്നത്തിൽ !

ഇളം മയിൽപ്പീലിയുള്ളിൽ

ഉഴിയുന്ന പോലെയിഷ്ടം,

കടുംവേനലാളും പോലെ

വിരഹ ദുഃഖം ….

കടലു പോലല ചാർത്തും

കൊതിപ്പിക്കും മോഹങ്ങളും

ഒരു വാക്കു മെല്ലെയോതാൻ

മടിക്കും ഹൃത്തും ..

സ്മൃതികളിൽ മഴവില്ലു

വിരിയിച്ച നോട്ടങ്ങളും

മഴ പോലെ മെല്ലെച്ചാറും

പിണക്കങ്ങളും …

കടൽ തേടും പുഴയായ്

പ്പതിയെ ഞാനൊഴുകവേ ..

കുടചൂടുമാകാശമായ്

മഴയായ് മേഘങ്ങളായ്

അവിരാമം കൂടെ വന്നൂ

നിനവിൽ നീ സൂര്യനായ്

പൊടുന്നനെ മിഴിതോരാ

പ്പകലുകൾ കനിഞ്ഞേകീ

മറുമൊഴി പറയാതേയെൻ

കടൽ വറ്റിപ്പോയതെന്തേ?

നീറുമമൊരു മരുഭൂമിയായി

മാറുന്നു സ്വയമെൻ മനം മറയുന്നു ഇരുൾമൂടും

വഴിയിലെന്നേകതാരം തെളിയില്ലിനിയെന്നു

പഠിക്കുവാനാകുന്നില്ല വേദനയാറ്റാൻ നിൻറെ

വിരലുകൾ തലോടില്ല കളഭമായി നീയിനി യെൻ നെറ്റിയിൽ കുളിരില്ല നെറുകിലെസിന്ദൂരമായി പ്രഭ തൂകിയുദിക്കില്ല പിറകിൽവന്നൊളിെച്ചെന്നെ

പുണരുകില്ല മറന്നെന്നെ പിരിഞ്ഞാലും മുകർന്നെന്നെയുണർത്തിയ ചുണ്ടുകളിലീണമായി

പടർത്തുകെന്നെ നറുംകൈതപ്പൂവിൻ ഗന്ധമുണർത്തുന്നൊരോർമ്മകളെ മറക്കുവാനാവില്ലെന്നോ ഒടുവിൽ നീ മൂളിപ്പാടി ...


നീ

                          - അനുപമകെ.ജി


പ്രണയമാണെന്നും നിന്നോട് ...

അവസാന ശ്വാസം വരെ ..

അതിനു ശേഷം ജന്മമുണ്ടെങ്കിൽ

അതിലും .....അത്രമേൽ

ഒന്നാവേണ്ടവർ...നമ്മൾ


ഏതോ കൊടുങ്കാറ്റിൽ

ദിശമാറിപ്പോയവർ...

പ്രണയത്തിന്റെ കാന്തത്താൽ

 വീണ്ടും വലിച്ചടുപ്പിക്കപ്പെട്ടവർ ...


ഓരോ ശ്വാസത്തിലും

പരസ്പരം ഓർമ്മ

കോർത്തു വെച്ചവർ


കടലെടുക്കാതെ

കാത്തുവെച്ച സ്വപ്നങ്ങൾക്ക്

നിറം മങ്ങാത്ത സ്നേഹത്തിനാൽ

കസവു തുന്നിച്ചേർത്ത്

കടലോളമാഴത്തിൽ

പ്രണയിക്കുന്നവർ ....


ഹൃദയത്തിന്റെ മുറിവുകളിൽ

എരിവേറ്റിയവരെയും

ഹൃദയത്തിലൊരു കൂന

കനൽ കോരിയിട്ടവരെയും

മറവിയുടെ അതിരിലേക്ക്

ആട്ടിപ്പായിച്ച്

വിരലുകൾ ഇറുക്കെ കോർത്ത്

കനവുകൾ വിരിയുന്ന

നടവഴിയിലൂടെ

ശിരസുയർത്തിനാം

ഒരേ ഹൃദയതാളമായ്

ഇനിയെന്നും ….

നീയില്ലാതെന്റെ

ഹൃദയമില്ലാത്തതിനാൽ

ഞാൻ നീയും

നീ ഞാനും

മാത്രമാവുന്ന കാലം💞


Tuesday, March 21, 2023

വിരഹം

 

നീ വറ്റിമാഞ്ഞൊരാ കൺകോണിലിന്നൊരു

പുതുനദിയുറവിട്ടതറിയുന്നുവോ

നിൻ പാദ മുദ്രകൾ പേറുമീ വീഥിയിൽ

ഒരു കടൽ തിരയിട്ടതറിയുന്നുവോ?

ഒന്നുമറിയാത്തത്ര ദൂരേനീ ഒറ്റയ്ക്ക്

കാറ്റായി തൂവൽതുമ്പു നീട്ടി പറന്നു പോയി

കുങ്കുമപ്പൂക്കൾ കൊഴിച്ചിട്ട പാതയിൽ

നിൻ വിളിക്കായാരോ കാതോർത്തു നിന്നതും

സന്ധ്യകൾ ഇരുൾ തേടി രാവോടുചേരുന്ന

മൂവന്തിപ്പാതയിൽ തപസ്സനുഷ്ഠിച്ചതും

ആരും പറഞ്ഞിേല്ലേ നിന്നോട് മാത്രം ...

പറയാൻ മറന്നതാവാനിടയിെല്ലൊട്ടു -

മറിയുവാനാർത്തിയില്ലെന്നറിഞ്ഞിട്ടാവും..

ഒരു മിഴിനീർ മഴയിൽ ആകാശമാകെ

തിളച്ചുരുകിയൂർന്നിന്നു താഴേപതിച്ചതും

ഇടിമിന്നലേറ്റൊരു നെഞ്ചിലെ കനവുകൾ

ഇത്തിരിച്ചാമ്പലായ്തീർന്നെന്നതും

മോഹങ്ങൾ നോവിന്നുരുൾപൊട്ടലിൽ പെട്ട്

വേരറ്റു ചീഞ്ഞതുമറിഞ്ഞില്ലെന്നോ ?

Wednesday, May 18, 2022

പെൺകുട്ടി

                             


സൂര്യനായുദിക്കുന്നപെൺകുട്ടികളെ

നിങ്ങൾക്കിഷ്ടപ്പെടാനാവില്ല..

അവർ വെയിലായിത്തിളച്ചാൽ 

നിങ്ങളുരുകി യൊലിച്ചേക്കാം ..

മൂർച്ചയുള്ള കൺമുനകൾ 

നിങ്ങളുടെഹൃദയം തുളച്ചേക്കാം

ചോരച്ചുവപ്പിന്റെ ലക്ഷമണ രേഖകൾ

അവളെ തളയ്ക്കാൻ പോരാതെവരാം

പാദ നഗ്നത പോലുമുണർത്തുന്ന

വികാരമവൾപ്രഹരിച്ചൊതുക്കിയേക്കാം.

പച്ചത്തെറിയുടെവേരുപിടിച്ചനിന്റെ

നാക്കവൾ വേരോടെ പിഴുതേക്കാം

അതിനാൽ …

സൂര്യനായുദിക്കുന്ന പെൺകുട്ടികളെ

നിങ്ങൾക്ക് സഹിക്കുവാനാവില്ല,

നിങ്ങളുടെ വെറുപ്പു ഭയന്നവൾ

പൂക്കളിൽ തേനായ് ഒളിഞ്ഞിരിക്കില്ല

ചിപ്പികൾക്കുള്ളിൽ മുത്തായ്

മുഖം മൂടി തപസ്സിരിക്കില്ല..

ചുമരുകൾക്കുള്ളിൽ തേങ്ങലായ്

സ്വയമലിഞ്ഞു തീരില്ലവൾ..


ഓരോ പുലരിയിലും ജ്വലിച്ചുണർന്ന്

നിന്റെ പകലുകളിൽ സൂര്യാഘാതമായ്

നിന്റെ നെറുകിൽ വെയിലുരുക്കിപ്പാർന്ന്

വിടർന്ന ചിരിയായവൾ വരും..

കാത്തിരിക്കുക.. കരുതിയിരിക്കുക !

Friday, April 29, 2022

കഴിഞ്ഞ കാലം

 

വെയിൽച്ചിരാതിൻ കനൽമിഴി തുറന്നമ്മ

കഴിഞ്ഞ കാലങ്ങൾ മടക്കു നീർത്തവേ

ചുരുട്ടി വെച്ചിട്ടും വ്യഥകളൊക്കെയും

പഴയപോൽത്തന്നെ തെളിഞ്ഞിരിപ്പൂ.

ഇരുട്ടു തീണ്ടാൻ മടിച്ച കോണുകളിലും

കുഞ്ഞിരുൾക്കഷ്ണങ്ങളൊളിച്ചിരിപ്പതും

നിലാവെളിച്ചം പൊഴിയും ചിരിയലയിൽ

വിഷാദനീലിമ പതുങ്ങിനിന്നെന്നതും

പതിയെയറിയുമ്പൊഴഗാധതയിലെവിടെയോ

മുളയ്ക്കുവാൻ വെമ്പിനിന്നൂ മിഴിനീർ മഴ!

വെളുത്തചില്ലുകൾക്കകത്തു താഴിട്ട നരച്ച കൺകളിലുറവാർന്നൊരു പുഴ !

നടന്നു നീ തീർത്ത കാൽനടപ്പാതകളി -

ലെവിടെയോ മറന്നിട്ട ബാല്യകാലം , പിന്നെ

കവിളുകൾ തുടുപ്പിച്ചു മിഴികൾ പിടപ്പിച്ച

പ്രണയാർദ്രസുന്ദര കൗമാരവീഥികൾ, 

കടമകൾകരുത്തേറ്റു നിറവേറ്റുവാൻ വെമ്പി

ഓടിപ്പിടഞ്ഞുപോം ക്ഷണികമാം യൗവനം

ഇതിനിടയിലെവിടെയോ താക്കോലു പൊയ്പ്പോയ

ഭദ്രമായ് ഓർമ്മകൾ പൂട്ടിയ പെട്ടകം

ഇന്നലെയമ്മയുറങ്ങുമ്പോഴാരാണ്

ക്രൂരമായിങ്ങനെ കുത്തിത്തുറന്നത്?

തുരുമ്പിച്ചടർന്നു പോം ജീവിതം കൺമുന്നിൽ

മറയേതുമില്ലാതെ നീർത്തി വിരിച്ചിട്ട്

ഓർമ്മകളിലേക്കെല്ലാ വേരും തുളച്ചാഴ്ത്തി

ഒരു നെടുവീർപ്പായ് മുനിഞ്ഞിരിപ്പാണമ്മ

പലകടലിങ്ങനെയലയടിക്കുന്നുണ്ട്

കരകൾ കാണാതെയാ മനസിലിപ്പോൾ

നിറയും കക്കകൾക്കിടയിൽ ഞാൻ വെച്ചൊരു

കളിവീടു പോയെന്നു ഖിന്നയായെന്നോണം

കൊടുംകാറ്റു തുടലഴിച്ചലറവേ കിനാവെല്ലാം

ചിതറിപ്പറന്നു പോയ് മാഞ്ഞെന്ന പോൽ

ചാഞ്ഞു പതിക്കും വെളിച്ചം മുഖത്തിന്ന്

നിലക്കാതെഴുതുന്നെത്ര ഭാവങ്ങളിങ്ങനെ… !


Tuesday, April 26, 2022

പിച്ചകം

          

ഇവിടെയിപൂവില്ലാ മുള്ളുകൾ തീർക്കുന്ന

ഇരുൾവേലിപ്പടർപ്പിന്റെയാഴത്തിൽ ഞാൻ

ഒട്ടൊന്നൊളിച്ചിരിക്കട്ടെയിടക്കീറൻ

നിലാവു വന്നിന്നെത്തിനോക്കാതിരിക്കുവാൻ

നിലാവിരൽ പതിയെത്തലോടുകിൽ      പിന്നെയും

വിരിയാതിരിക്കുവാനാവില്ലയെന്നെന്റെ

നിനവുകൾക്കറിയാം നിനക്കെന്നപോൽ

ഒരു പിച്ചകപ്പൂവായ് നറുമണം പെയ്യുവാൻ

മറന്നേക്കു കെന്നെന്നെയാരോ വിലക്കുന്നു

നറുനിലാത്തിരിയായ് തെളിഞ്ഞു കത്തില്ലെന്നു

കരാറെഴുതി നൽകാൻ കയർക്കുന്നു നെഞ്ചകം

തിരയായ് കുതിച്ചിനി തീരങ്ങൾ പുൽകുവാൻ

മുതിരല്ലേയെന്നല്ലേ ഹൃദയം മിടിച്ചതും.

സൂര്യനായ് നെറുകിൽ നീ തെളിയിലും കൺപൂട്ടി

ഇരുളിനെ ധ്യാനിച്ചു തപസനുഷ്ഠിക്കുവാൻ

തണു മഴത്തുള്ളിയായ് മിഴിയിൽ നീ പെയ്താലും

കനലിൽ വേവും വേനൽച്ചൂളയായുരുകുവാൻ

ഇരു കൈകൾ നീട്ടി നീയേകുന്ന മധുരം

കാണാതെയറിയാതെ , കൈ തട്ടിമാറ്റുവാൻ..

തിരികെ ഞാൻ പോകാംതിരിഞ്ഞൊന്നു നോക്കാതെ

കണ്ണുനീർച്ചോലയിൽ കാൽ വഴുതി വീഴാതെ

രാത്രിപുഷ്പങ്ങൾ വിരിഞ്ഞോട്ടെ നിത്യവും

വിരിയേണ്ടെനിക്കിനിയൊരു രാവിലും .

നിന്റെ നോട്ടങ്ങളെ കാണാതെ പോകുന്നു

പിൻവിളി നിസ്സംഗമായ് കേൾക്കാതിരിക്കുന്നു

നീ നീട്ടും ചില്ലകൾ മോഹിപ്പിക്കില്ലെന്നെ

വിരിയില്ല ഞാനിനിയീകരൾ ചില്ലയിൽ!



Friday, April 8, 2022

കൂടപ്പിറപ്പ്

 കൂടപ്പിറപ്പ്           അനുപമ .കെ ജി

അറിയുവാനെന്തുണ്ട് കൂട്ടുകാരാ

നമ്മൾ പിരിയാമുളന്തണ്ടും പാട്ടുമല്ലേ?

ഉള്ളിലെ ശ്ശൂന്യത നുള്ളി നോവിക്കു - മ്പോളലയടിച്ചൊഴുകുന്നയീണമല്ലേ !

മനo കൊത്തിക്കീറി കൊക്കുകൾ കൂർത്തവർ

കൊത്തി മുറിവേൽപ്പിച്ച ചിന്തകളും

അന്തിക്കു മിന്നലായ് കത്തും കിനാക്കളുo

വാക്കിന്റെ വക്കിലെയണയാത്ത ജ്വാലയും

മാറാല മൂടിയ മുറിവിന്റെ നീറ്റലും

എല്ലാമൊരു പോലെയാകയാലല്ലേ നാം

അന്യോന്യമറിയുന്നു പകലു പോലത്രമേൽ

പിറന്നില്ല നമ്മളൊരേയുദരത്തിന്റെ -

യിരുളിൽ, നുണഞ്ഞില്ലൊരേ മുലപ്പാൽ

എങ്കിലുമുള്ളിൽ മിടിക്കും ഹൃദയത്തിൻ

രാഗം, ഭാവം, ലയമേകതാളം….

മുജ്ജൻമ ബന്ധങ്ങളായിരിക്കാം ചില

കാണാക്കണക്കിൻ കളികളാവാം ദിക്കുകൾ വരകളാൽ ചേർക്കുമീശൻ

ഒരു പോൽ വരച്ചിട്ട തലവരകൾ !


പറയുവാനിനിയെന്തു കൂട്ടുകാരാ

നമ്മിലലയടിക്കും കടൽ, ആഞ്ഞു വീശും കാറ്റ്,പൊഴിയും നിലാവുമീ

ഹിമകണവും

എല്ലാമൊരുപോലെ.. നമ്മെപ്പോലെ..

Tuesday, September 21, 2021

ഭരണമാറ്റം

സ്വാതന്ത്ര്യത്തിന്റെ കനി തൊട്ടെങ്കിലും നോക്കിയവരെ തടവിലാക്കുന്നതാണേറെ ശ്രമകരം പഴുത്ത കനികൾ ആണിനു മാത്രമെന്ന് ഉറപ്പിക്കുന്ന വാറോലകൾ അങ്ങാടികൾ നീളെ തൂക്കിയിട്ടും
 ചായം തേച്ച നഖങ്ങൾ നീട്ടും കയ്യിൽ അന്തിച്ചോപ്പുള്ളആപ്പിളുകളിതെങ്ങനെ? അറ്റം തിളങ്ങുന്ന വാളാൽ നൊടിയിടെ വെട്ടിയെടുത്തപ്പോൾവിരലുകളും ചെഞ്ചോപ്പണിഞ്ഞു പിടഞ്ഞു. 
 വിടർന്ന നീലക്കണ്ണുകളെല്ലാം കറുത്ത മേലാപ്പിട്ടു മൂടി കാഴ്ചകളിലേക്ക് കറുപ്പു തേക്കാൻ കിങ്കരന്മാരെ നേരത്തേ ചട്ടം കെട്ടി.. എന്നിട്ടുമുതിരുന്ന ഈ തീജ്വാലകൾ എതു തുറന്നിട്ട കണ്ണിൽ നിന്നാണ് ? 
പഴുപ്പിച്ച കമ്പികൾ കൊണ്ടവ എന്നേക്കുമായടപ്പിച്ചപ്പോൾ ഒന്നാശ്വസിക്കാനായി. 

 സ്വപ്നങ്ങൾക്കു ചിറകു നൽകി മാനത്തേരേറാൻ കുതിച്ചവളെ 
മണ്ണിൽ തൊട്ടനിമിഷത്തിൽ 
ഉന്നം തെറ്റാതെ ചിറകരിഞ്ഞു.. 
ഓർമ്മകളുണരും മുമ്പേ 
ഒരു തീക്കനൽ കൊണ്ട് 
പുലരിയോടൊപ്പം യാത്രയാക്കീ.. കിരീടത്തിലിപ്പോളൊരു തൂവൽ കൂടി.

 ഭീതിയിരുട്ടിയ രാവിന്റെ യിരുൾമറയിൽ കിട്ടിയതെല്ലാം മാറാപ്പുകെട്ടി 
 അതിർത്തി തേടിപ്പോയ നിറയൗവനം
 വഴിതെറ്റി അട്ടഹാസങ്ങൾ പൂത്ത നാൽക്കവലയിൽ പകച്ചപ്പോൾ
 നൂറുരു ദൈവനാമം വാഴ്ത്തി
 ഉതിർത്തൂ പതിനാറുണ്ട! 
 നാം തന്നെ ദൈവമെന്നാരോ ഉറക്കെ പറയുന്നുണ്ടുള്ളിൽ !

 ഇനിയിവിടെയാർക്കൊക്കെ - 
യുറക്കെ ചിരിക്കണം? 
പകൽ വെളിച്ചം കണ്ടീവഴി നടക്കണം? ആർത്തി മാറുന്നില്ലെന്റെ 
തീരാ വെടിയുണ്ടകൾക്കും ദാഹാർത്തരായ്ത്തീർന്ന 
കൂർത്ത വാൾത്തുമ്പിനും 
സ്വാതന്ത്ര്യം ചോരച്ചാലിട്ടൊഴുക്കും
 മണ്ണിെന്റ ചോപ്പിൽ കാലൂന്നി നാം.. ഉറക്കെച്ചിരിച്ചിതാ പോർവിളി വിളിക്കുന്നു.. 
ഇനിയിവിടെ പുതു സാമ്രാജ്യം
പുത്തനാം നയങ്ങളും ,തടയാൻ വരില്ലാരും !

Thursday, September 16, 2021

വധശിക്ഷ

തെരുവിനെ വെളിച്ചം പുതപ്പിച്ച 
വൈദ്യുത വിളക്കിന്റെ വെട്ടംകരണ്ടു തീർന്നപ്പോൾ എലികൾക്കാവേശമായി! കടത്തിണ്ണയിൽ ഉറക്കം മറന്ന
 യാചകന്റെ പാട്ടിനു താളമിട്ടുകൊണ്ട് കിട്ടിയതെല്ലാമവർ കാർന്നു.. 
ഉണരാത്ത നിലാവിനെയോർത്ത് അവരൊട്ടും വേവലാതിപ്പെട്ടില്ല.. 
 ഒരു മതിലിനപ്പുറം തടവറയിൽ പുലരിയുടെ വരവോർത്ത് നെഞ്ചിടിപ്പേറിയ തടവുപുള്ളി.. പീഢിപ്പിച്ചു കൊന്ന കുരുന്നിന്റെ മരണഭയത്തിന്റെ നിഷ്കളങ്കത
 അവന്റെ ഭയത്തിനില്ലാഞ്ഞത്
സ്വാഭാവികം ..!
അവസാന തേങ്ങലിനൊപ്പം 
അവൾ പിടഞ്ഞ പിടപ്പുകൾ കൂട്ടി കാത്തുവെച്ച കുരുക്കൊന്ന്, 
പണത്തിന്റെ മണമുള്ള പല്ലുകൾക്ക് കാർന്നു തിന്നാൻ നൽകാതെ കാത്തുവെച്ചവർക്ക് സ്തുതി !
 മുൾപ്പടർപ്പിലേക്കിറ്റിയ ചോരത്തുള്ളി പക തീരാതെ കിതയ്ക്കുന്ന ശബ്ദം കാതിൽ മുഴങ്ങീട്ടാവാം 
മതിലിനപ്പുറം പതിനാറു കടലുകൾ ഒന്നിച്ചിരമ്പുന്ന തോന്നൽ ! 
 പൂക്കൾ കൊഴിഞ്ഞ വാകമരം പ്രേതരൂപമാർന്നിരുട്ടിൽ  
തടവറയിലേക്കു  കൈനീട്ടുമ്പോൾ 
ശ്വാസകോശങ്ങളിൽ കടുത്ത വിങ്ങൽ തുറിച്ച കണ്ണിൽ, നേർത്തു പോയ 
ഒരു കുരുന്നു ശ്വാസം ചോര വാർന്ന് പിടഞ്ഞൊടുങ്ങുന്ന കാഴ്ചമാത്രം ! 

 വരാനിരിക്കുന്ന പിടച്ചിലുകളോർത്ത് ശ്വാസം നിലച്ച്, നൂറുരു ചാവാതെ ചത്ത് പരവശപ്പെട്ടവനെ നോക്കി പുന്നെല്ലു കാണുമെലിയെപ്പോലെ 
 ചിരി തൂകുന്ന കൊലമരം , 
ഇരുട്ടിലും   തെളിഞ്ഞു നിന്നു.