Tuesday, September 21, 2021
ഭരണമാറ്റം
Thursday, September 16, 2021
വധശിക്ഷ
Tuesday, June 15, 2021
തടവറകൾ
തടവറകൾ
- അനുപമ കെ.ജി
വെളിച്ചത്തെ കുടത്തിലടച്ച്
ഇരുട്ടു വാറ്റുന്ന വിദ്യ നീയാണ്
എന്നെ പഠിപ്പിച്ചു തന്നത്.
രാത്രിയിൽ വിരിയുന്ന മുല്ലപ്പൂവിന്റെ
ഗന്ധമാകെ കൺമുനയാലൂറ്റി
അടുക്കളപ്പുറത്തെ ഉറിയിലൊളിച്ച്
മിന്നാമിനുങ്ങിന്റെ വെട്ടം ചാലിച്ച്
നാം വിരിയിച്ച നക്ഷത്രങ്ങൾ
തഞ്ചം കിട്ടിയപ്പോൾ മാനത്തേക്ക്
ഊർന്നു പോയത് ഞാനറിഞ്ഞിരുന്നൂ..
പിന്നെ..
സന്ധ്യയുടെ തുമ്പുമുറിച്ചെടുത്ത്
ഉറിമൂടിക്കെട്ടിയപ്പോൾ അകപ്പെട്ടു പോയ
കുഞ്ഞു താരങ്ങൾ തേങ്ങുന്നതും
നിലാവിനോടു പതം പറയുന്നതും
കേൾക്കാതെ പോകാൻ
നിന്നെയാരേ പഠിപ്പിച്ചത്?
ഞാനാവാനിടയില്ല.. തേങ്ങൽ
കേൾക്കാതിരിക്കാനെനിക്കാവില്ലല്ലോ..
പണ്ടേ..
ജനാലക്കൽ നാം മറച്ചു കെട്ടിയ
ആകാശത്തിന്റെ ഒരു കീറ്
കാറ്റു വരുമ്പോഴൊക്കെ കൂടെപ്പോവാൻ
തിരക്കുകൂട്ടിക്കൊണ്ടിരുന്നൂ..
നീ കൂടിപ്പോയാൽ എനിക്കാരെന്ന
ഒറ്റച്ചോദ്യത്തിൽ കാലുതളച്ചിട്ടാണ്
ഇത്രകാലവും കൂടെ നിർത്തിയതെന്ന്
എന്നെപ്പോലാർക്കുമറിയില്ലല്ലോ..
ചുമരിലെ പച്ചച്ചായത്തിന്റെ
തളിരിൽ പൂക്കാലങ്ങൾ വിരിയില്ലെന്ന
തിരിച്ചറിവിന്റെ പുഴ കടക്കാൻ
എന്റെ ചെറിയ ആകാശം
എനിക്കും കൂടിയേ തീരൂ..!
ഇന്ന് ..
ഇലത്തുമ്പിലൂർന്ന കാരുണ്യം
ഇടക്ക്ജാലകവിരിനീക്കി
ഓർക്കാപ്പുറത്തെങ്കിലും
എന്റെ മൂർദ്ധാവിലും പതിച്ചത് നന്നായി !
മരൂഭൂമിയാവാതെ കാത്തുവല്ലോ!
ഉമ്മറപ്പടിയിലൂഞ്ഞാലു കെട്ടി
ആയത്തിലാടിയ സ്വപ്നങ്ങൾ
പിടിവിട്ടു വീണെങ്കിലും മുറ്റത്തെ
ആലിൻ കൊമ്പിലേറിപ്പറന്ന്
ഒറ്റക്ക്സ്വർഗങ്ങൾ തേടിയലഞ്ഞു..
ആരും കാണാത്ത മഴവില്ലിന്റെ
എട്ടാം വർണം മതിയാവോളം കണ്ട്
മേഘങ്ങളിലുറങ്ങി.., രാത്രികളില്ലാത്ത
പകലുകളിലൂടെ ഉന്മാദിനിയായി
സ്വപ്നങ്ങളുടെ തീർത്ഥയാത്ര..!
പാടാഞ്ഞതിനാൽ മാത്രം
നിലച്ചു പോവാതിരുന്നയീണങ്ങളിൽ
അലിഞ്ഞുചേർന്ന് നിതാന്ത യാനം..!
ഇനി തിരിച്ചു പോക്കില്ലെന്ന് സ്വപ്നങ്ങൾ
ശപഥമെടുത്താലും തെറ്റുപറയാനാവില്ല!
Saturday, March 20, 2021
തടവ്
വേനൽച്ചൂടിനെ അടവെച്ചു വിരിയിച്ച
കൊന്നപ്പൂക്കൾ കൊണ്ട് തോരണം തൂക്കി നോട്ടങ്ങൾ ജനലഴി തകർത്ത്
പുറത്തേക്ക് തന്നെ പാഞ്ഞത്
തടവറയുടെ ഓർമ്മകളെ തോൽപ്പിക്കാൻ !
ഇനിയുംവിരിയാത്തകവിതകൾക്കുമേൽ
അടയിരിക്കാനിത്ര കാലവും
സമയമേയുണ്ടായിരുന്നില്ല!
ഇപ്പോൾ കാലുകൂട്ടിക്കെട്ടിയിട്ട
നാലു ചുമരുകൾക്കുള്ളിൽ
കവിത പോയിട്ടൊരു കൊതുകുപോലും
മൂളാൻ വരാത്തതെന്തേ?
വരൾച്ചയും വേനലിന്റെ കൂടപ്പിറപ്പെന്ന്
മനസിലിരുന്നാരോ പറയുന്നുണ്ടോ?
നിർത്താതിങ്ങനെ പായാരം പറയാൻ
മന:സാക്ഷിയുള്ളപ്പോൾ
തടവിലിട്ടാർക്കും തോൽപ്പിക്കാനാവില്ല !
ഒറ്റപ്പെടലെന്ന വജ്രായുധം
തോൽവി സമ്മതിച്ചേ മതിയാവൂ.
മഴത്തുള്ളികളെ സ്വപ്നം കാണുന്നത്
നിർത്താനാവാത്ത കൺപീലികൾ
കണ്ണുനീരിനെക്കൂട്ടുപിടിക്കാൻ ശ്രമിക്കും
എങ്കിലും ഉള്ളിലിരുന്ന് വിലക്കുന്നവളെ
കണ്ണുകൾക്കും ഭയമാണ്.
വാതിലിൽ മുട്ടി വിളിക്കുന്ന മരുഭൂമികൾ
പടിപ്പുറത്തു തന്നെ ഇന്നുമുറങ്ങുന്നതും
മന:സാക്ഷിയെ പേടിച്ചു തന്നെ,
ഇങ്ങനെ 'അദ്വൈത'ത്തിന്റെ യാനന്ദത്തിൽ മുങ്ങവേ
ചുറ്റിലെ തടവും തടവറയും മായുന്നു..
ഉഷ്ണത്തിന്റെ ലാവ കോരി
കുളിരുന്ന പനിനീരാക്കാൻ പഠിക്കവേ
ചുമരിലെ സുഷിരത്തിലൂടിറങ്ങിവന്നത്
മറ്റാരുമല്ല മറഞ്ഞിരുന്ന കവിത തന്നെ
Sunday, March 7, 2021
വിരാമം
മടുത്ത ജീവിതമൂരിയെറിഞ്ഞവന്റെ
വിചാരണയായിരുന്നൂ ..
കനൽ വെളിച്ചത്തിൽ,
എന്തിനെന്ന ചോദ്യത്തിന്
ആർത്തുചിരിച്ചുത്തരം -
"ചുമ്മാ .. രസത്തിന് !! "
എന്റെ ചുമരുകളിൽപ്പതിഞ്ഞ
കണ്ണു വക്രിച്ച ആത്മാക്കളേ സ്നേഹിച്ചാവാം,
ഒരു കുരുക്കിൽപ്പിടഞ്ഞപ്പോൾ
പുറത്തിറങ്ങിയോടിയ നിലവിളികൾ
നിറച്ചു വെച്ച പാട്ടുപെട്ടിയിൽ മയങ്ങീട്ടാവാം,
കൂകിയാർത്ത ചക്രങ്ങൾക്കും
പാളങ്ങൾക്കുമിടയിൽ
ചിരിയോ കരച്ചിലോ ,
വേർതിരിച്ചറിയാത്ത വികാരങ്ങൾ
നിരത്തി ചിതറിപ്പോയ
ചുണ്ടുകൾ മോഹിച്ചാവാം,
സിരകളിലേക്ക് നീറ്റലായ്
പടരുന്ന തീയിൽ ഉരുകി വീണ്
കരിക്കട്ടയായപ്പോഴും തുറന്നു വെച്ച
ഒരു വെളുത്ത കണ്ണിന്റെ
കടുത്ത നോട്ടങ്ങൾ കൊത്തിപ്പറിച്ചിട്ടുമാവാം,
ആഴങ്ങളിലേക്കിറങ്ങിപ്പോയ
ശ്വാസകോശങ്ങളിലെ ജലമർമ്മരം
ഏറെ കൊതിപ്പിച്ചിട്ടാണോ ?
ഒരുറക്കത്തിന്റെയാലസ്യത്തിൽ
നിന്നുണരാതെ, മനോഹരമായി
ജീവനൂർന്നു പോകുന്ന അനുഭൂതി
സ്വന്തമാക്കാൻ വെമ്പിട്ടോ എന്തോ
ഞാനങ്ങു തീരുമാനിച്ചു!
വിറങ്ങലിച്ച നിമിഷങ്ങളിലെപ്പൊഴോ
വിചാരണ അവസാനിച്ചു.
Friday, January 8, 2021
പ്രണയം
പുഴ നീണ്ടൊഴുകുന്നു പിന്നെയും
കടലിലേക്കൊഴുകരുതെന്നാരു -
തടയുകിലും!
ഒഴുകുവാനാവാതിരിക്കുവാനത്രമേൽ
പ്രിയതരം പ്രണയമെന്നറിയുന്നവൾ .
അണകെട്ടി നിർത്തുന്നു വഴിമുടക്കാൻ ,
എങ്കിലുമണകൾതകർത്തീടുമാപ്രവാഹം
കുതിതുള്ളിയാർത്തലച്ചലിയുന്നിതാഴിയിൽ
കലരുന്നു തീരാത്തകണ്ണീരിനുപ്പിൽ ..
അതിദൂരമല്ലാതെയറിയുന്നു കടലിന്റെ
പ്രണയിനികളാണേതു നീരൊഴുക്കും!
ഇല്ല സവിശേഷമാമൊരു പ്രണയവും
കരുതലുമെല്ലാമൊരു തോന്നൽ മാത്രം.
കാത്തിരിപ്പുണ്ടേറെ നീണ്ടകാലം മുന്നിൽ
പറ്റിയതോർത്തോർത്തുനെടുവീർപ്പിടാൻ
കഴിയില്ലൊരിക്കലും കഴുകിക്കളയുവാൻ
കടലോടു ചേർന്നതിന്നുപ്പുഗന്ധം .
വെറുതെ വെയിലോടു പറയാം കൊടും
ചൂടാലൊരുകുറിപരിശുദ്ധയാക്കിമാറ്റാൻ
കഴിയില്ല വെയിലിനും സൂര്യനും ചന്ദ്രനും
കഴിയില്ല നെഞ്ചിലെ നോവിന്നുമറിയുന്നു
എങ്കിലുംതപ്തംകിനാക്കൾവേവുന്നതിൻ
ചൂടിൽത്തിളച്ചാവിയാവാം,
ഊറ്റിക്കളയാമെടുത്തു ചാട്ടം കൊണ്ടു കരളിൽകലർന്നമാലിന്യങ്ങളത്രയും…
Sunday, December 13, 2020
ഉടലു നഷ്ടപ്പെട്ട കുട്ടി
ദൈവമിനിയെന്നോട് മിണ്ടണ്ട!
ഉടലില്ലായ്മയുടെ നോവിലും
നീരസം പറയാതെ വയ്യ!
അമ്മയുടെ മക്കളുടെ
എണ്ണത്തിൽ നിന്നും
ഒന്നും പറയാതെ
എന്റെ പേരു വെട്ടി മാറ്റിയില്ലേ?
ആരോടും ചോദിക്കാതെ
കുടുംബത്തിന്റെ വർത്തമാന
കാലത്തിൽ നിന്നും
എന്നെ ഇറക്കി വിട്ടു… !
എനിക്ക് വെക്കുന്ന അത്താഴ
പാത്രംഎണ്ണത്തിൽ നിന്നും
കുറച്ചു കളഞ്ഞു ..
എൻറെ സ്വന്തമെന്ന് ഞാൻ
വാശി പിടിച്ചിരുന്നചായക്കോപ്പ
ആർക്കു വേണമെങ്കിലും
എന്നെ എടുക്കാമെന്ന
ഭാവത്തിൽ നിസ്സംഗനായി.
എൻറെ മാത്രമെന്നോർത്ത
കളിക്കോപ്പുകളും , പന്തും
എന്നെ നിഷ്കരുണം മറന്നു ..
എന്നിട്ടും അമ്മമാത്രമെന്തേ
അതെല്ലാം കെട്ടിപ്പിടിച്ച്
കണ്ണീർ വാർക്കുന്നു..
അച്ഛൻ വരുമ്പോൾ എനിക്കായി
കരുതുന്ന ചക്കരമുട്ടായികൾ
ആരൊക്കെയോ ചേർന്ന് വീതിച്ചെടുത്തു…
അവയിലൊന്നും എൻറെ പേരില്ലായിരുന്നു.
എങ്കിലും അച്ഛൻനെഞ്ചിൽ
കയ്യമർത്തിതടവിപ്പോയത്
എന്നെയോർത്തിട്ടു തന്നെയാവണം !
ടിവിയുടെ റിമോട്ട് കൺട്രോൾ
മേശപ്പുറത്തിപ്പോൾ
അനാഥമായി കിടക്കുന്നു
വറുത്ത മീനിൻറെ വാൽ
ക്കഷണങ്ങൾ, തല്ലുകൂടാൻ
ആളില്ലാത്തതിനാൽ
പാത്രത്തിൽ വെറുതേ
വെറുങ്ങലിച്ചിരിക്കുന്നു..
അവസാന ദിവസം ഞാൻ
അരിഞ്ഞെടുത്ത പുല്ല്തിന്ന
പശുക്കുട്ടി , തൊഴുത്തിൽ
ഒന്നുമറിയാത്തപോലെ
തലയാട്ടിക്കൊണ്ട് നിന്നു .
പുല്ലുകൾക്കിടയിൽ നിന്നും
എന്നിലേക്ക് വിഷം ചീറ്റിയ
അണലിക്കും അതേ ഭാവം ..
ഞാൻ വരച്ച ചിത്രങ്ങളും
പൂർത്തിയാക്കാത്ത നോട്ടും
എൻറെ കുപ്പായങ്ങൾക്കൊപ്പം
അലമാരയിൽ തുറക്കാതെ
പൂട്ടി വച്ചിരിക്കുന്നു .
പുസ്തകങ്ങൾക്കിടയിൽ
ഞാൻ വച്ച മയിൽപീലി
ചിലപ്പോൾ പെറ്റുകാണും .
അതൊന്നും പക്ഷേ
ഇനി ആർക്കും വേണ്ട.
മൈതാനത്തിന്റെ കളിയാരവത്തിൽ
നിന്നെന്റെ ശബ്ദം മാത്രം
തീർത്തുംനിശ്ശബ്ദമാക്കി ,
പൊടുന്നനെ എന്നെയിങ്ങനെ
ആരുമാരുമല്ലാതാക്കിയ
ദൈവത്തിനോട് ഇത്രയെങ്കിലും
പറയാതെ വയ്യല്ലോ!
വേണ്ടാ.. മതി മിണ്ടണ്ടയിനി..!!
Wednesday, November 18, 2020
പിണക്കം
മഴയോട് മാത്രം സ്വകാര്യം പറഞ്ഞതിന്
ഇന്നലെ വെയിൽ എന്നോട് പിണങ്ങി
കാറ്റിനൊപ്പംപോയ പ്രണയത്തെ
തിരിച്ചുവിളിക്കാനായിരുന്നു ഞാൻ
ഇന്നേവരെപറഞ്ഞ സ്വകാര്യങ്ങളത്രയും!
കയ്യിൽ നിനക്കാതെ ചുടുചുംബനംതന്ന
പ്രഷർ കുക്കറിനോട്ഞാനും പിണങ്ങി
അനുവാദമില്ലാത്തചുംബനങ്ങൾ
അംഗീകരിക്കാനേ വയ്യെന്ന് ..
'ഈ ചുംബനത്തിൽപ്രണയമില്ലല്ലോ'ന്ന്
അടുക്കള തിണ്ണയിൽ പശതേച്ചൊട്ടിച്ചു
കരിപിടിച്ചുപോയ കിനാക്കൾ
അപ്പോഴും പരിഹസിച്ചു ചിരിച്ചു !
ഒരിക്കലും അടങ്ങാത്ത തീ നാളങ്ങളിൽ
വെന്തടർന്നമനസ്സിൻറെ ചുമരിൽ
നോവു ചേർത്തടച്ച ദ്വാരങ്ങൾ
പിന്നെയും വലുതായികൊണ്ടേയിരുന്നു.
അലക്കിത്തേച്ചുമടക്കിവെച്ചമോഹങ്ങളുടെ
മടക്കുകളിൽ ഇരട്ടവാലുള്ള നേരുകൾ
ഒളിച്ചിരുന്ന് ഓട്ടകളുണ്ടാക്കി രസിച്ചു.
കാറ്റുവീശുന്ന നിലാവുള്ള രാത്രിയിൽ
നിർത്താതെ ഓടുന്ന വണ്ടികളിൽ
ദൂരേക്ക് അറ്റമില്ലാത്ത യാത്ര പോകാൻ കാത്ത
നെഞ്ചിനെയും നേരുകൾ ഓട്ടയാക്കി !
മാസ ശമ്പളത്തിൽ നിന്നും മുടങ്ങാതെ
പുസ്തകം വാങ്ങാൻ ചെയ്ത ശപഥം
അടിച്ചുവാരിയതിനൊപ്പം ചുരുട്ടി
മണ്ണെണ്ണയൊഴിച്ച് തീയിട്ടിട്ട്കാലങ്ങളായി
കൂർത്ത കത്തികൊണ്ട് ഞെക്കിവരഞ്ഞ്
മുളകും തേച്ച് നിരത്തി ചട്ടിയിലിട്ട്
വറുക്കുന്നമീനുകൾപൊരിയുമ്പോൾ
ഉള്ളിലേതൊക്കെയോ മുറിവുകളിൽ
ചുട്ടുപൊള്ളിക്കുന്ന മുളകിന്റെ നീറ്റൽ
ഓരോ രാത്രിയും ഉറക്കം കെടുത്തും.
പ്രാതലിൻറെവേവലാതികളിൽകൊളുത്തി
ബാക്കിവന്ന ഉറക്കം കുടഞ്ഞു കളഞ്ഞ്
സൂചികുത്തിക്കേറ്റുന്നനട്ടെല്ലിനൊടുവിലെ
കശേരുവിനെശപിച്ച്കിടക്കയോടുംപിണങ്ങും
തിരക്കിട്ടോടുന്നഘടികാരസൂചിയോടും
രാത്രിയെവേഗംയാത്രയാക്കിയസൂര്യനോടും
പെയ്യാമെന്ന്പറഞ്ഞുപറ്റിച്ചമേഘങ്ങളോടും
അവസാനമില്ലാതെ പിണങ്ങിയിട്ടും
സ്നേഹിക്കാമെന്ന് നൂറുവട്ടംപറഞ്ഞിട്ട്
അതെല്ലാം മറന്നു പോയ ഒരാളോട് മാത്രം
ഒരിക്കലുമെനിക്ക് പിണങ്ങാൻ കഴിയുന്നില്ലല്ലോ!
അനുപമ കെ. ജി.
Monday, July 13, 2020
കറുപ്പും വെളുപ്പും
ചുവന്ന ചുണ്ടുള്ള തത്തകൾക്കും
മഴവിൽ നിറമുള്ള കുരുവികൾക്കും
ചുറ്റിലുമെപ്പോഴും കമ്പിവലകൾ കൊണ്ട്
അതിരുകൾ തീർക്കപ്പെട്ടു..
ഇരുട്ടിൻ്റെ പുഴയിൽ മുങ്ങി
കറുത്തു പോയത് കാക്കകൾക്ക്
തുണയായി, കൂട്ടിലടച്ചിട്ടില്ലാരും.
കറുത്ത ചുണ്ടുകൾ വിടർത്തി
മനോഹരമായി പാടിയെങ്കിലും
കുയിലുകൾക്ക് റിയാലിറ്റി ഷോയിൽ
ഇടം നേടാനാവാതെ പോയീ..
വെളുത്തു പോയ മുടിയിഴകളിൽ
കറുപ്പു വാരിയണിഞ്ഞവർ പോലും
വെളുത്ത പ്രാവുകളെ മാത്രം തേടി,
കൂട്ടിലിട്ട് ചിറകുകളരിഞ്ഞ് ഓമനിക്കാൻ!
പാലു പോലെ വെളുത്തിട്ടും
കറുത്തു പോയ കാലുകൾ നോക്കി
കൊറ്റികൾ നെടുവീർപ്പിട്ടു,
വെളുപ്പിക്കാനേറെ മരുന്നു തേച്ചിട്ടും
കറുത്തു പോകുന്ന കൊള്ളിക്കാൽ
കനിഞ്ഞു തന്ന വെളുത്ത പകലിൻ്റെ
കൂട്ടിലിടാത്ത സ്വാതന്ത്ര്യം തിരിച്ചറിയാതെ !
കറുത്ത കട്ടൻ ചായയെ വെളുത്ത
പാലൊഴിച്ച് മേക്കോവർ നടത്തിയവർ
കരിമൂർഖനേയും കരിവണ്ടിനേയും
കരിന്തേളിനെയും ബ്ലീച്ച് ചെയ്യാൻ
പലവഴി കളന്വേഷിച്ച് പരാജയപ്പെട്ടു.
നിറങ്ങളും വെൺമയും മത്സരിച്ച
പൂന്തോട്ടങ്ങളിലൊന്നിൽപ്പോലും
ഒരൊറ്റ കറുത്ത പൂപോലും
മഷിയിട്ടു നോക്കീട്ടും കാണാനായില്ല!
കറുപ്പു തിന്ന് മുരടിച്ച കരളും
വെളുപ്പു തേടി മയങ്ങിയ മനസുമുള്ളവർ
ഇരുട്ടിൻ്റെ കറുപ്പു ഭയന്ന് കണ്ണടയ്ക്കുമ്പോഴേക്ക്
നിറമുള്ള സ്വപ്നങ്ങളെ മാത്രം
കൂട്ടിനു കൂട്ടി സ്വസ്ഥമായുറങ്ങി..
ഒടുവിലത്തെയുറക്കത്തിൽ മാത്രംകിട്ടുന്ന
ഇരുട്ടിൻ്റെ ശാന്തതയെക്കുറിച്ചോർക്കാതെ.
Tuesday, July 7, 2020
പേമാരി
ശൂന്യതയുടെ പരപ്പളവു തിട്ടപ്പെടുത്താനാവാത്ത
ആകാശത്തിൻ്റെ അതിരുകൾ ഭേദിച്ച്
ആഴങ്ങളിലേക്കാഞ്ഞു പെയ്ത്,
ഭൂമിയുടെ തലച്ചോറു വരെ തകർത്ത്
ചോരയുടെ കടലാഴങ്ങളിലെ
ഉപ്പുരസം കലർത്തിയുറഞ്ഞു പൊട്ടി
അടിവേരുകളിലമിട്ടു പൊട്ടിച്ച്
കടപുഴക്കി... ഒരൊറ്റക്കുതിപ്പ്!
കൂട്ടിവെച്ച സങ്കടങ്ങളും കിനാക്കളും
ഒരലമുറയിലൊലിച്ചു പോയതും
കാണാ പിടിവള്ളികൾക്കായി
ശ്വാസം മുറുക്കെപ്പിടിച്ചതും
ചത്തുചീർത്ത് മണ്ണോടടിഞ്ഞ്
ഇരുട്ടിൻ്റെ നെഞ്ചിലൊളിച്ചുകളിച്ചതും
ഒരു നിമിഷാർദ്ധം കൊണ്ട്
മറന്നു പോകുന്നു, മഴക്കിലുക്കത്തിൽ !
Monday, July 6, 2020
ശപഥം
തിരക്കിനിടയിൽ അടയിരിക്കാൻ പോലും
നേരം കിട്ടാതെ പോയ കിളികൾ
കാലത്തിൻ്റെ കണ്ണുവെട്ടിച്ച് മണ്ണിൻ്റെ
നെഞ്ചിലാണ് മുട്ടകളൊളിപ്പിച്ചത്…
വേനലിൻ്റെ കൂർപ്പിൽത്തട്ടി വക്കുകൾ
വിണ്ടുകീറിക്കിനിഞ്ഞ
ആത്മാംശത്തിൻ്റെ വിലാപങ്ങൾ
കേട്ടില്ലെന്ന് നടിച്ച്
ചിറകുകൾ മിനുക്കിയ കിളികൾ
ദൂരദേശങ്ങളിൽ പറന്നു ചേക്കേറി.
കൈക്കുമ്പിളിൽ കോരിയ നിലാവിൻ്റെ
നനവുമായ് എന്നോ പെയ്ത രാമഴയിൽ
മുള പൊട്ടിയ ചില കൂർത്ത കൊക്കുകൾ
ഇരുട്ടുകൊത്തിക്കീറി ,ആകാശം നോക്കി
ഭ്രാന്തമായി വളർന്നു …
മണ്ണെടുത്ത ചിറകുകൾ പാടെ മറന്ന്
കെട്ടുപിണഞ്ഞ നൂറായിരം ചില്ലകൾ നീട്ടി
പൂക്കാലങ്ങൾ കാത്തിരിക്കുമ്പോളും
കടലിൻ്റെ വിശാലതകൾക്കപ്പുറത്തു നിന്ന്
ജീവിതം മടുത്ത് ചിറകുപൂട്ടാൻ
തിരിച്ചെത്തിയ ദേശാടനക്കിളികൾക്ക്
കൂടുകൂട്ടാനൊരിളം ചില്ല പോലും
കൊടുക്കാതിരിക്കാനവർ ശപഥമെടുത്തു ,
മറന്നു പോയ പൊക്കിൾക്കൊടികൾ
കടും നോവാർന്ന് ഓർമ്മിപ്പിച്ചിട്ടും
കാരിരുമ്പിൻ്റെ കടുപ്പമാർന്ന ഹൃദയം
മുറുകെപ്പിടിച്ച ഉഗ്രശപഥം .
ഉറക്കം
കുപ്പിച്ചില്ലു പതിച്ച മതിൽ ചാടി
കടന്നുകളഞ്ഞ ഉറക്കം വഴിതെറ്റിയിട്ടാണോ
എന്തോ പിന്നെ തിരിച്ചു വന്നില്ല
വെളിച്ചം തുപ്പുന്ന വഴിവിളക്കുകളും
ഞാന്നു കിടന്ന ആഢംബര റാന്തലും
വലിച്ചു കുടിച്ച ഉറക്കത്തിൻ്റെ
ജീവരക്തമുണങ്ങിപ്പിടിച്ച ചഷകങ്ങളും
പാടേ കാലിയായിപ്പോയിരുന്നു..
കിനാവിൻ്റെ പട്ടച്ചരടു പൊട്ടി
നേരിലേക്ക് കൂപ്പുകുത്തിയിട്ടാവാം
ഞാനിരുട്ടിനെ തിരയാൻ തുടങ്ങി,
കുരുമുളകു മണക്കുന്ന നിലവറക്കടിയിലും
സന്ധ്യ വേർപെട്ട ഓരടിപ്പാതയിലും
മനസ്സലഞ്ഞു നോക്കി..
എവിടെയാണു ഞാൻ മറന്നു വെച്ചത്??
നഗരവിളക്കുകളുടെ പ്രഭയിൽ
പാഴ്വസ്തുക്കൾക്കൊപ്പം ചേർത്ത്
ഇരുട്ടു തൂക്കി വിറ്റതും
ഓർമ്മകളെ വലിച്ചെറിയാൻ
തിരകളുടെ തീരം തിരഞ്ഞു പോയ നാൾ
കുപ്പിയിലടച്ച് ആഴിക്ക് സമ്മാനിച്ചതും
ഓർമ്മകൾക്കൊപ്പം സുഖമുള്ള
ആ ഇരുട്ടു കൂടിയായിരുന്നില്ലേ..?
പിന്നെവിടെ ത്തിരഞ്ഞിട്ടെന്ത്?-
മന:സാക്ഷിയുടെ സ്വരമുയരുന്നു.'
പെയ്യാതെ പോയ കണ്ണീർമേഘങ്ങളുടെ
കറുപ്പു കടം വാങ്ങി കണ്ണിലൊഴിക്കാം
മനസ്സിനെ യല്ല കണ്ണിനെയെങ്കിലും
പറഞ്ഞു പറ്റിക്കുവാൻ
ഇനിയത്ര മാത്രമേ ചെയ്യാനുള്ളു...
Friday, May 29, 2020
മറവിരോഗം
നിദ്ര
Sunday, May 24, 2020
ലോക്ക് ഡൗൺ
ആരും നടക്കാത്ത പ്രദക്ഷിണ വഴികളിൽ
കമ്യുണിസ്റ്റ് പച്ചയുടെ പുതുവസന്തം
തിരിയിട്ടു വിളക്കു കൊളുത്തി വെച്ച്
താഴിട്ട ശ്രീലക വാതിലിനപ്പുറം
ചെറുകാറ്റു പോലുമില്ലാതെ ദൈവം,
വിയർത്തകുളിച്ചിരുന്ന് ശീലമായി .
രണ്ടേ രണ്ടു തെച്ചിപ്പൂവും തുളസിക്കതിരും
വാഴനാരിൽ കോർത്തണിയിക്കാറുണ്ട്
കാഴ്ച്ചക്കാരില്ലാത്തപ്പോൾ ആർഭാടവും
ആഭരണങ്ങളും അപ്രസക്തം!
കാണിക്കയും ദക്ഷിണയും വഴിപാടും
മുടങ്ങിയതിൽ ദൈവത്തിനു പരിഭവമില്ല
പൂജാരിയുടെ നെഞ്ചിലാവട്ടെ ,
കാർമേഘങ്ങളുടെ കാഴ്ചശീവേലി!
നിത്യച്ചെലവിന്റെ വഴിപാടു ശീട്ടുകൾ
കീശയിൽത്തന്നെ ചുരുണ്ടിരിപ്പല്ലേ...
പുണ്യാഹത്തിനും തീർത്ഥത്തിനും
തുരത്താനാവാത്ത മഹാമാരിയിൽ
നടയിൽ സാനിറ്റൈസർ അർപ്പിച്ച
ദീർഘദർശിയെ ദൈവം മനസാനമിച്ചു.
ദ്രവിച്ച ശ്രീലക വാതിലിന്റെ വിടവിലൂടെ
ഇരുട്ടിനും മറയ്ക്കാനാവാതെത്തി നോക്കുന്ന
അവ്യക്തമായ പുറം കാഴ്ചകൾ
വിരസത മാറ്റാൻ തീരേ തികയില്ല!
മൊബൈൽ ഫോണില്ലാത്ത പാവം ദൈവം
കണ്ണടച്ച് ഉത്സവങ്ങൾ കിനാവു കണ്ടു
ആനയും അമ്പാരിയും.. വാദ്യമേളങ്ങൾ
ഇയർഫോണിലെന്ന പോലെ ചെവിയിലേറ്റി
നൂറ്റാണ്ടുകൾ നീണ്ട ക്വോറന്റൈനിലിരുന്ന്
പാഠങ്ങളേറെ പഠിച്ചു കഴിഞ്ഞ സർവ്വേശ്വരൻ
കൊറോണയേ യോർത്ത് ചുണ്ടിൽ
ഒരു ഗൂഢസ്മിതം വിരിയിച്ചു.'
ഈ മനുഷ്യരിനി എന്തെല്ലാം കാണാനിരിക്കുന്നു!!
Wednesday, March 18, 2020
തലവര
തലവര വരച്ചു ചേർക്കൽ
അത്രയൊന്നുമെളുപ്പമല്ല.. എന്നിട്ടും
ദൈവം പരിശ്രമം നിർത്തിയില്ല,
ബാധ്യതകളും ദൗർബല്യങ്ങളും
സമാസമം തൂക്കിയെടുക്കുമ്പോൾ
കൈകൾ വിറയ്ക്കാതെ നോക്കണം
തന്റേടത്തിന്റെ പാത്രത്തിൽ അറിയാതെ
കൈതൊട്ടാൽ ഉടനെ പിൻവലിച്ചേക്ക്
ഭയം, വിഹ്വലത ,അപമാനം
മൂന്നും ചാക്കു കണക്കിനരികിലുണ്ട്
നിർലോഭം ചാലിച്ചെടുക്കണം, കൂടെ
ആത്മവിശ്വാസം അരകല്ലിലിട്ട്
തവിടുപൊടിയാക്കിയതും ചേർക്കാം
സങ്കടത്തിന്റെ തടാകം കവിഞ്ഞൊഴുകാതെ
കോരിയെടുത്ത് ചേർത്താൽ മതി
ഏകാന്തതയുണ്ട് മട്ടുപ്പാവിൽ ചിതലരിക്കുന്നു
അടുത്ത മുറിയിൽത്തന്നെ നിസ്സഹായതയും
രണ്ടും പാകത്തിനെടുത്തേക്കാം,
ഒടുവിൽ നിരാശയുടെ പത്തായം തുറന്ന്
ഒരു പറചേർത്താൽ ഏതാണ്ട് തീരും
ഇനിയൽപ്പം വിശ്രമമാവാം..
നാളെ മൂർദ്ധാവിൽ ആണിയടിച്ച്
ചരടു പിടിച്ച് ,അരികു വളയാതെ
ഒറ്റവരവരച്ചാൽ ദുരിതം തീർന്നു !!
Tuesday, March 17, 2020
എന്റെ സ്വപ്നങ്ങൾ
ഒളിഞ്ഞിരിക്കുന്ന ചെറു സ്വപ്നങ്ങൾ
സുഗന്ധം ചേർക്കാൻ മാത്രം പതിയെവിരിഞ്ഞ്
സ്വകാര്യതയിൽ ആത്മാവു തന്നെയാവുന്ന
നിലാവു കുറുക്കിയ കനി മധുരങ്ങൾ!!
