തടവറകൾ
- അനുപമ കെ.ജി
വെളിച്ചത്തെ കുടത്തിലടച്ച്
ഇരുട്ടു വാറ്റുന്ന വിദ്യ നീയാണ്
എന്നെ പഠിപ്പിച്ചു തന്നത്.
രാത്രിയിൽ വിരിയുന്ന മുല്ലപ്പൂവിന്റെ
ഗന്ധമാകെ കൺമുനയാലൂറ്റി
അടുക്കളപ്പുറത്തെ ഉറിയിലൊളിച്ച്
മിന്നാമിനുങ്ങിന്റെ വെട്ടം ചാലിച്ച്
നാം വിരിയിച്ച നക്ഷത്രങ്ങൾ
തഞ്ചം കിട്ടിയപ്പോൾ മാനത്തേക്ക്
ഊർന്നു പോയത് ഞാനറിഞ്ഞിരുന്നൂ..
പിന്നെ..
സന്ധ്യയുടെ തുമ്പുമുറിച്ചെടുത്ത്
ഉറിമൂടിക്കെട്ടിയപ്പോൾ അകപ്പെട്ടു പോയ
കുഞ്ഞു താരങ്ങൾ തേങ്ങുന്നതും
നിലാവിനോടു പതം പറയുന്നതും
കേൾക്കാതെ പോകാൻ
നിന്നെയാരേ പഠിപ്പിച്ചത്?
ഞാനാവാനിടയില്ല.. തേങ്ങൽ
കേൾക്കാതിരിക്കാനെനിക്കാവില്ലല്ലോ..
പണ്ടേ..
ജനാലക്കൽ നാം മറച്ചു കെട്ടിയ
ആകാശത്തിന്റെ ഒരു കീറ്
കാറ്റു വരുമ്പോഴൊക്കെ കൂടെപ്പോവാൻ
തിരക്കുകൂട്ടിക്കൊണ്ടിരുന്നൂ..
നീ കൂടിപ്പോയാൽ എനിക്കാരെന്ന
ഒറ്റച്ചോദ്യത്തിൽ കാലുതളച്ചിട്ടാണ്
ഇത്രകാലവും കൂടെ നിർത്തിയതെന്ന്
എന്നെപ്പോലാർക്കുമറിയില്ലല്ലോ..
ചുമരിലെ പച്ചച്ചായത്തിന്റെ
തളിരിൽ പൂക്കാലങ്ങൾ വിരിയില്ലെന്ന
തിരിച്ചറിവിന്റെ പുഴ കടക്കാൻ
എന്റെ ചെറിയ ആകാശം
എനിക്കും കൂടിയേ തീരൂ..!
ഇന്ന് ..
ഇലത്തുമ്പിലൂർന്ന കാരുണ്യം
ഇടക്ക്ജാലകവിരിനീക്കി
ഓർക്കാപ്പുറത്തെങ്കിലും
എന്റെ മൂർദ്ധാവിലും പതിച്ചത് നന്നായി !
മരൂഭൂമിയാവാതെ കാത്തുവല്ലോ!
ഉമ്മറപ്പടിയിലൂഞ്ഞാലു കെട്ടി
ആയത്തിലാടിയ സ്വപ്നങ്ങൾ
പിടിവിട്ടു വീണെങ്കിലും മുറ്റത്തെ
ആലിൻ കൊമ്പിലേറിപ്പറന്ന്
ഒറ്റക്ക്സ്വർഗങ്ങൾ തേടിയലഞ്ഞു..
ആരും കാണാത്ത മഴവില്ലിന്റെ
എട്ടാം വർണം മതിയാവോളം കണ്ട്
മേഘങ്ങളിലുറങ്ങി.., രാത്രികളില്ലാത്ത
പകലുകളിലൂടെ ഉന്മാദിനിയായി
സ്വപ്നങ്ങളുടെ തീർത്ഥയാത്ര..!
പാടാഞ്ഞതിനാൽ മാത്രം
നിലച്ചു പോവാതിരുന്നയീണങ്ങളിൽ
അലിഞ്ഞുചേർന്ന് നിതാന്ത യാനം..!
ഇനി തിരിച്ചു പോക്കില്ലെന്ന് സ്വപ്നങ്ങൾ
ശപഥമെടുത്താലും തെറ്റുപറയാനാവില്ല!
