Friday, October 1, 2010

മിന്നാമിനുങ്ങ്


മിന്നാമിനുങ്ങുകള്‍ ഒന്നും ഒളിച്ചുവെക്കാറില്ല!
ഹൃദയത്തുടിപ്പുകള്‍ പോലും,
കിനാക്കള്‍ നക്ഷത്രങ്ങളെപ്പോലെ
മിന്നിച്ച്,
പ്രണയസുഗന്ധം പരത്തി
നിലാവില്‍
പറന്നു നടക്കുന്നു,
ഓര്‍മ്മപ്പെരുമഴയില്‍
അണഞ്ഞുപോവാതെ-
നേരെ ഹൃദയത്തിലേക്ക്
പറന്നുകയറുന്നു,
നിന്റെ ചിരിപോലെ...,
നിലാവുപോലെ...,
നിന്നെപ്പോലെ ! ! !

Monday, September 27, 2010

നിലമ്പൂര്‍ക്കാട്


മുഖത്ത് കണ്ണീരിന്റെ വടുക്കളില്ല ,
കണ്ണീരിനും ഭയമാണ്
കാടിന്റെ ഇരുട്ട് കണ്ണിലേക്ക് കയറുംമുമ്പ്
അച്ഛന്റെ വിരല്‍തുമ്പ് കൂട്ടിനുണ്ടായിരുന്നു
അമ്മയുടെ ചൂടും.
പാദചലനങ്ങളിലെ തിടുക്കം
എനിക്ക് മനസ്സിലായില്ല
ആരോകാണാതിരിക്കണം
തിരിഞ്ഞതത്ര മാത്രം,
കാട്ടുമൃഗങ്ങളല്ല ,പിന്നാരാണ്?
പോലീസോ?അതാരാണാവോ?

മയക്കത്തിലേക്ക് കാല്‍കഴുകിയത്
അമ്മയുടെ കണ്ണീരിലാണ്
പേടി സ്വപ്നങ്ങള്‍ക്ക് കൂട്ടായത് ചേട്ടന്‍!
സ്വപ്നത്തിലെ വെടിയൊച്ചയില്‍
കാത് കലങ്ങി....,
ഉണര്‍ന്നത് ചോരയുടെ ചൂടുതട്ടി,
ചോരയുടെ വഴി അച്ഛനില്‍ നിന്ന്
അമ്മയിലേക്കാണ് നീണ്ടുപോയത്
കണ്ണുപൊത്തി ഇരുട്ടിനെ കെട്ടിപ്പിടിച്ച്
ഇരിപ്പാണ് കൂടെപ്പിറന്നവന്‍,
ഞാനെന്താണ് ചെയ്യേണ്ടത്?
ഒറ്റക്കാണോ ഞങ്ങള്‍ തിരിച്ചുപോകുന്നത്?

Thursday, September 16, 2010

ചാന്ദ്രയാന്‍

നിയന്ത്രണം നഷ്ടപ്പെട്ട പേടകം
ആരുടെ ഭ്രമണപഥത്തിലാണ്
ഇപ്പോള്‍ കറങ്ങുന്നത്?
ചുട്ടുപൊള്ളുന്ന സൂര്യന്റെ
ആകര്‍ഷണത്തിലോ? അതോ-
നിലാവുപെയ്യുന്ന ചന്ദ്രന്റെ
വഴിത്താരയിലോ?
എവിടായാലെന്ത്..?
ഇടിച്ചിറങ്ങി തകരണം,
അല്ലാതെ മറ്റ് വഴിയില്ലല്ലോ...

Monday, September 13, 2010

മകള്‍


അനുഭവത്തിന്റെകൂര്‍പ്പില്‍ത്തട്ടി
കീറാത്ത ഒരുതാളില്‍
മുക്കാലുംമാഞ്ഞ ഒരുചിത്രം
ഒളിച്ചിരിപ്പുണ്ടായിരുന്നു..,
നക്ഷത്രക്കണ്ണും,ചുരുണ്ടമുടിയും
മുഖത്ത് കുറുമ്പുമുള്ളൊരു പെണ്‍കുട്ടി
അത് ഞാനായിരുന്നു,എങ്കിലും
കണ്ടത് നിന്നെയാണ്...
കൂര്‍ത്തമുനയുള്ളചോദ്യങ്ങള്‍
നാവില്‍തേച്ചതുംമനസും
മാനവുംഒരുമിച്ചുകാണുന്ന
കനവിന്റെ കലയുള്ള
കണ്ണുകള്‍തന്നതും
കഞ്ഞിക്കുറുമ്പിന്റെ
പാലുപകര്‍ന്നതും ഞാന്‍
തന്നെയാണ്,അമ്മ!
പുസ്തകങ്ങളേക്കാള്‍ പൂക്കളേയും,
രാത്രിയേക്കാള്‍ നിലാവിനേയും
നീ സ്നേഹിക്കുമ്പോള്‍ പക്ഷെ
എനിക്കെന്താണീയുള്‍ഭയം?

Sunday, September 12, 2010

കൊലച്ചിരി


തുടങ്ങുന്നതെന്തും ഒടുങ്ങുമെന്ന
തിരിച്ചറിവ് ഞാനാകടല്‍പ്പാലത്തിലിരിയ്ക്കെ,
എന്നെവന്ന് പിടിച്ചുലച്ചു.
വിശാലമായ വഴിയില്‍ നിന്നൂടുവഴിയിലേക്ക്
തിരിയുന്നിടത്ത് പ്രണയം
കളഞ്ഞുപോയി,
അതോമറ്റെന്തെങ്ക്കിലുമായി
രുന്നോ ? ഞാൻ
  കരുതി പ്രണയമാണെന്ന്,
ആ..,എന്തായാലും നഷ്ടപ്പെട്ടു.

ഒരുചെറുയാത്രപോയ കവിത
ഇന്നലെതിരിച്ചെത്തി,
ഞാനറിയാതെയാണ് പോയതും വന്നതും.
അതുവരെ കടംകൊണ്ടകണ്ണീര്‍തിളപ്പയ്ക്കാന്‍
കനലായെരിഞ്ഞത് മനസ്സ്,
കലാപത്തിന്റെ കുത്തൊഴുക്കിലെ
ശവഗന്ധമായ് ഓര്‍മ്മ!
സുഗന്ധംനിറഞ്ഞമുറിയിലെകയ്പ്
പ്രണയമല്ല, ദേഹകാമനയുടെ മൂര്‍ത്തത.
മൂലയില്‍ചുരുട്ടിയെറിഞ്ഞകടലാസുതുണ്ടില്‍
പ്രണയം നെടുവീര്‍പ്പിട്ടു,
ഇനി..,എന്നില്‍തന്നെ എന്നെതടവിലിട്ട്
അരക്ക് ചേര്‍ത്തടച്ച പൂട്ടിട്ട്
ഞാനൊന്ന് ചിരിയ്ക്കട്ടെ,കൊലച്ചിരി!‍


Thursday, September 9, 2010

പക്ഷെ,



കയ്ക്കുന്നചോദ്യങ്ങളുടെ ചവര്‍ക്കുന്ന
ഉത്തരങ്ങള്‍,
മനസ്സിതെവിടെയാണ്?
താളമേയില്ല എന്നത്
താളംതെറ്റലില്‍ നിന്നുള്ള
ഒരൊഴിഞ്ഞ്മാറല്‍ മാത്രം..
ഞാനുംഒഴിഞ്ഞ്മാറലും
ഒറ്റപ്പെടലും തമ്മില്‍
നൂറ്റാണ്ടിന്റെ ആത്മ ബന്ധം.
നിസ്സംഗത കിനാവിന്റെ
മുഖമുദ്രയേയല്ല ,
മറിച്ച് സഹനത്തിന്റെയോ,ചിലപ്പോഴൊക്കെവെറുപ്പിന്റെയോ
ഒളിപ്പിച്ച പ്രകടനം മാത്രം!
ഇനിയും അകലെയാണ് പ്രതീക്ഷ,
അതിജീവനത്തിന്റെ സമരത്തിലും
മാഞ്ഞുപോവാതെ....പക്ഷെ...,

Wednesday, September 8, 2010

ഓര്‍മ്മ

വരരുതെന്ന് പറഞ്ഞിട്ടും
പടികയറിവന്ന് മുട്ടിവിളിക്കുന്നത്
ആരാണ്?
ഓ! നിന്റെ ഓര്‍മ്മകളാണ്
സന്തോഷത്തിന്റെ മൂന്നാംകണ്ണ്
തുറക്കുന്നതപ്പോഴാണ്!!!,
ഓര്‍മ്മകളില്‍മാത്രം...,
നേരോ പച്ചജീവിതമായി
ഓര്‍മ്മകള്‍ക്ക് നേര്‍വിപരീതം,
ഇതിലേതാണാവോ ജീവിതം?
എനിക്കറിയില്ല , നിനക്കോ?