Friday, December 14, 2018

മതിലുകൾ



 മതിലുകൾ വളർന്നു വളർന്നു
വഴി നഷ്ടപ്പെട്ടുപോയ എന്റെ വീട്
 പുല്ലുകളെ തൊട്ടുരുമ്മിയിരുന്ന
 ഒറ്റയടിപ്പാത കുട്ടിക്കാലത്തേ നഷ്ടമായിപ്പോയി!
 ഉച്ചവെയിലിൽ തിളയ്ക്കുന്ന ടാറിട്ട റോഡിലേക്ക്
ഇറങ്ങിപ്പോയത് യൗവ്വനമായിരുന്നു..
 വാഹനത്തിന്റെ ഇരമ്പലിന് മൗനം വഴിമാറി;
കണിശമായ കച്ചവട കണ്ണുകളാണ്
 വീടിനെ പിന്നിലേക്ക് പടി കടത്തിയത് .
തുളസിത്തറയുടെ നെഞ്ച് പിളർന്ന മതിൽ
 പൂച്ചെടികളുടെ കരച്ചിൽ കേട്ടതേയില്ല!
 അമ്മയുടെ കോന്തലക്കൽ തൂങ്ങിയ ഉണ്ണികൾ
വളർന്നു പോയപ്പോൾ വെട്ടിമുറിക്കലുകൾ ക്കൊപ്പം
 കൊട്ടിയടച്ചു പോയ പടിപ്പുരയും!
 മതിലുകൾക്ക് അപ്പുറത്തേക്കു യാത്ര പോകാൻ
വാർധക്യത്തിന് ഇനി ബാക്കിയുള്ളത്
ഒരൊറ്റ യാത്ര മാത്രം!

                                            അനുപമ കെ ജി

ചെമ്പരത്തി

ചെമ്പരത്തി
അനുരാഗ മധുരം പുരട്ടി ഹൃദയങ്ങളിലേക്ക്
കുലച്ച അമ്പുകളുടെ തുമ്പത്ത്
അറിയാതെ പോലുമാരുമെന്നെ കോർത്തില്ല!
എനിക്കു പതിച്ചു തന്നതോ,
ഉന്മാദത്തിന്റെ പടഹധ്വനി കേൾക്കും
ബാഹ്യ കർണ്ണങ്ങൾ മാത്രം!
ചങ്ക്തുളച്ചു കേറുന്ന കത്തിത്തലപ്പത്തെ
ചൂടിന്റെ ചായം തേച്ചാണ് ഞാൻ വിരിഞ്ഞത്
വെറുപ്പും, വേദനയും, വടിവൊത്ത സ്വപ്നവും
തലങ്ങും വിലങ്ങും ചാലിട്ടൊഴുകുംഞരമ്പുകൾ
അതിനൊക്കെയപ്പുറം കൗതുകത്തിന്റെമിനുപ്പ് ,
നൊമ്പരം ചേർത്തൊന്നമർത്തിപ്പിഴിഞ്ഞാൽ
കാഴ്ച കൊത്തിപ്പറിക്കുമിരുട്ടിൻ കറുപ്പ്!
എങ്കിലും ജീവന്റെ നടയിലെരിയും തീപ്പന്തമായ് ഞാൻ
വിരിഞ്ഞെത്ര വസന്തത്തിനേകീ ഇടിമുഴക്കം!
തലയുയർത്തി ,ഉയരങ്ങളിൽ മിഴിയൂന്നി,
ആകാശം മാത്രം കിനാവു കണ്ട്,
വിശുദ്ധിയുടെ വെളുപ്പും സ്നേഹസുഗന്ധങ്ങളും
ഉപേക്ഷിച്ച്, അന്തിച്ചോപ്പിന്റെ  നിശബ്ദമന്ത്രമായ്
പൂക്കാലങ്ങൾതീർത്തുകൊണ്ടേയിരിക്കുo.
പൂമ്പാറ്റകൾക്കും പൂങ്കാറ്റിനും വേണ്ടാത്ത
ഒരപരാധിയുടെ വിജയഗാഥകൾ രചിച്ചു,
ഒറ്റയാനാവുന്നതിൽ പരം ആത്മഹർഷം
മറ്റേതു ജന്മത്തിനു നല്കാനാവും ?-
അനുപമ കെ.ജി(12/12/18)

കഠ് വ താഴ്വര

           
                                                 
ആരോ നെഞ്ചിലൊരു കത്തി താഴ്ത്തുമ്പോലെ
കരളു നീറുന്നൊരൊടുങ്ങാത്ത വേദന
മാപ്പപേക്ഷിക്കുവാൻൻ പോലുമശക്തയായ്
താഴ്ന്ന ശിരസ്സൊന്നുയർത്താതെ, ഗദ്ഗദം
കുരുക്കിട്ട തൊണ്ടയിലൊരലമുറ
ചങ്ങലക്കിട്ടു ഞാൻ ശങ്കിച്ചൊരണുവിട,
നിന്നെ തറച്ചെറിഞ്ഞാർത്തു ചിരിച്ചവരെ
ഭസ്മമാക്കാനെത്തുന്നതേതവതാരങ്ങൾ?
'മതേതര മിന്ത്യ തൻ  മുഖം മൂടിയഴിഞ്ഞൂർന്ന്
ചോര വാർക്കുന്നു.. നിരാലംബ ബാല്യമായ്
കണ്ണും കാതും പറിച്ചെറിഞ്ഞോടുന്നു
തുണിയുരിക്കപ്പെട്ടവ്യഥിതരാംദേവതകൾ.. 
മഞ്ഞിൽ വെറുങ്ങലിച്ചമർന്നിരിപ്പാണ്
പുഴുതിന്നമനുഷ്യത്വം,ജീർണം ,മലീമസം
നിൻറെ നോവിൽ കാട്ടുകുതിരകൾ മേഞ്ഞതും
പിഞ്ചുടലാൽ ക്രൂരബലിപൂജയാടിയതും
കൺമുന്നിൽ മാറാതെ കത്തി നിൽക്കുന്നു
തീയായെരിയുന്നു പകയുടെകനലെന്നിൽ
സർവ്വം ചുട്ടെരിച്ചട്ടഹസിക്കുവാൻ  ,വരുമോ
കലിയുഗത്തിൻ നാഥനൊരു'കലി'യെങ്കിലും?
                     അനുപമ കെ ജി

Wednesday, December 12, 2018

സമാന്തരം

                                             
തകർന്ന പ്രണയത്തിന്റെ ചീളുകൾക്കിടെ
ഞാനിവിടെ ഒറ്റക്കിരിപ്പുണ്ട്, നീയോ?
ലാളനകളുടെ മാറാല പിടിച്ച ഓർമകൾ
തട്ടി മിനുക്കാതെ, ഇരുട്ടിലേക്ക് വേരുകൾ
താഴ്ത്തി ,വെളിച്ചത്തെ തൂക്കിലേറ്റിയ
കൺകോണിൽ വരൾച്ചയുടെ നീറ്റലാറ്റാൻ
നിന്റെ ചിരി ഓർത്തെടുക്കാൻ വൃഥാ ശ്രമിച്ച്
ഈ റെയിൽപ്പാളത്തിന്റെ സമാന്തരത്തിൽ
മനസുരുക്കി ഞാനിവിടെത്തന്നെയുണ്ട്, നീയോ?
കലാപമുയർത്തി കുതറിയോടിയ
 കറുത്ത തീവണ്ടികൾ പാളംതെറ്റി
 കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തി
വെളിച്ചത്തിന്റെ അവസാനതുള്ളിയും
 കുടിച്ചുവറ്റിച്ച കോടമഞ്ഞിൽ
പാളങ്ങൾ വെറുങ്ങലിച്ചു
തൂങ്ങിയാടാനുള്ള മരക്കൊമ്പു തേടി
 ആത്മാവും പടിയിറങ്ങി
 കുതിച്ചെത്തുന്ന ഒരിരമ്പത്തിനു കാതോർത്ത്
ഞാനിവിടെത്തന്നെയുണ്ട് ,വേറെവിടെ പോകാൻ!!  

ഭൂമി

       
നിന്റെ കൂർത്ത നഖങ്ങളാൽ
വിവസ്ത്രയാക്കപ്പെട്ടവൾ ഞാൻ
പൊള്ളുന്ന ചൂടിലിറച്ചി വേവുമ്പോളും
ഒരു ചീള് തണൽ ബാക്കിയാക്കാതെ
ഉരിഞ്ഞെടുത്തത് എന്റെ മാനം
കിനിയാനിറ്റു കണ്ണീരില്ലാതെ
ഊറ്റി വറ്റിച്ചതെന്റെ ധമനികൾ!
കുടിവെള്ളം തിരഞ്ഞ് തുളച്ചുതുളച്ച്
നിന്റെ കരങ്ങൾ നീണ്ടത്
എന്റെ ഗർഭാശയത്തിലേക്കാണ്,
ജീവരക്തവുമൂറ്റി നിവർന്നു
തലപൊക്കിഞെളിയുമ്പോൾ
നാളത്തെ ദാഹത്തിനെന്തെന്ന്
നീയോർക്കാൻ പഠിച്ചില്ല
അഗാധ ഗർഭങ്ങളിലിരുന്ന്
വരും തലമുറ ശ്വാസം കിട്ടാതെ
പിടഞ്ഞതും , അലറിക്കരഞ്ഞതും
നീ കണ്ടതേയില്ല!
കോൺക്രീറ്റ് മാത്രം മുള പൊട്ടുന്ന
മച്ചിയായ് തളർന്നത് ഞാൻ .
പൂക്കളും പുഴയും കാറ്റും കിളികളും
നീ പിഴുതെറിഞ്ഞതിലാണ് പെട്ടത്
എല്ലില്ലാ നാവും കുനഷ്ഠു നിറയും
തലച്ചോറും മാത്രമായ് നീ വളർന്നത്
ഞാൻ കാണാതെയല്ല,
നിലാവിന്റെ കുളിരിലും ,മഞ്ഞിലും
മഴത്തുള്ളിച്ചിരിയിലും നീ വിഷംതേച്ചത്
 ഞാനറിയാതെയുമല്ല,
-നിന്റെ നാശം തടുക്കാനെനിക്കറിയാഞ്ഞിട്ട്.
ശ്വാസം നേർക്കുമ്പോൾ ഞാൻ
പിടച്ച ഓരോ പിടപ്പും
നിന്നെ ഉണർത്താനായിരുന്നു
നീയുറങ്ങുകയല്ല, ഉറക്കം നടിക്കുകയല്ലേ?
ഇനി തേടിയെത്തുന്ന ഉറക്കം കെട്ട
രാവുകൾക്കൊടുവിൽ നീയുറങ്ങും
നിത്യനിതാന്ത നിദ്ര, അതുവരെ
ശുഭരാത്രി...
                 അനുപമ .കെ .ജി
26/4/16



പുഴ

             
കട്ട കുത്തിയ ചളിനിറമുള്ള മൺതിട്ടകൾക്കിടയിലെ
അടയാളങ്ങൾക്കിടയിൽ ദൈവവിശ്വാസം പോലെ
വിണ്ടുകീറിപ്പോയ ഒരു വിശ്വാസം....
ലോറിച്ച ക്രങ്ങളുടെ പാടിലമർന്നു പോയ
ചതഞ്ഞരഞ്ഞ ഒരോർമ്മ!,
തിമിർത്ത മഴയിൽപ്പോലും നിറയാതെ .... പുഴ.
ഒന്നു നിറഞ്ഞൊഴുകാൻ കൊതിയാവുന്നു ,
പുഴയ്ക്കല്ല... വർൾച്ച കണ്ടമിഴികൾക്ക് !
                                             അനുപമ .കെ .ജി