മതിലുകൾ വളർന്നു വളർന്നു
വഴി നഷ്ടപ്പെട്ടുപോയ എന്റെ വീട്
പുല്ലുകളെ തൊട്ടുരുമ്മിയിരുന്ന
ഒറ്റയടിപ്പാത കുട്ടിക്കാലത്തേ നഷ്ടമായിപ്പോയി!
ഉച്ചവെയിലിൽ തിളയ്ക്കുന്ന ടാറിട്ട റോഡിലേക്ക്
ഇറങ്ങിപ്പോയത് യൗവ്വനമായിരുന്നു..
വാഹനത്തിന്റെ ഇരമ്പലിന് മൗനം വഴിമാറി;
കണിശമായ കച്ചവട കണ്ണുകളാണ്
വീടിനെ പിന്നിലേക്ക് പടി കടത്തിയത് .
തുളസിത്തറയുടെ നെഞ്ച് പിളർന്ന മതിൽ
പൂച്ചെടികളുടെ കരച്ചിൽ കേട്ടതേയില്ല!
അമ്മയുടെ കോന്തലക്കൽ തൂങ്ങിയ ഉണ്ണികൾ
വളർന്നു പോയപ്പോൾ വെട്ടിമുറിക്കലുകൾ ക്കൊപ്പം
കൊട്ടിയടച്ചു പോയ പടിപ്പുരയും!
മതിലുകൾക്ക് അപ്പുറത്തേക്കു യാത്ര പോകാൻ
വാർധക്യത്തിന് ഇനി ബാക്കിയുള്ളത്
ഒരൊറ്റ യാത്ര മാത്രം!
അനുപമ കെ ജി

