വെയിൽച്ചിരാതിൻ കനൽമിഴി തുറന്നമ്മ
കഴിഞ്ഞ കാലങ്ങൾ മടക്കു നീർത്തവേ
ചുരുട്ടി വെച്ചിട്ടും വ്യഥകളൊക്കെയും
പഴയപോൽത്തന്നെ തെളിഞ്ഞിരിപ്പൂ.
ഇരുട്ടു തീണ്ടാൻ മടിച്ച കോണുകളിലും
കുഞ്ഞിരുൾക്കഷ്ണങ്ങളൊളിച്ചിരിപ്പതും
നിലാവെളിച്ചം പൊഴിയും ചിരിയലയിൽ
വിഷാദനീലിമ പതുങ്ങിനിന്നെന്നതും
പതിയെയറിയുമ്പൊഴഗാധതയിലെവിടെയോ
മുളയ്ക്കുവാൻ വെമ്പിനിന്നൂ മിഴിനീർ മഴ!
വെളുത്തചില്ലുകൾക്കകത്തു താഴിട്ട നരച്ച കൺകളിലുറവാർന്നൊരു പുഴ !
നടന്നു നീ തീർത്ത കാൽനടപ്പാതകളി -
ലെവിടെയോ മറന്നിട്ട ബാല്യകാലം , പിന്നെ
കവിളുകൾ തുടുപ്പിച്ചു മിഴികൾ പിടപ്പിച്ച
പ്രണയാർദ്രസുന്ദര കൗമാരവീഥികൾ,
കടമകൾകരുത്തേറ്റു നിറവേറ്റുവാൻ വെമ്പി
ഓടിപ്പിടഞ്ഞുപോം ക്ഷണികമാം യൗവനം
ഇതിനിടയിലെവിടെയോ താക്കോലു പൊയ്പ്പോയ
ഭദ്രമായ് ഓർമ്മകൾ പൂട്ടിയ പെട്ടകം
ഇന്നലെയമ്മയുറങ്ങുമ്പോഴാരാണ്
ക്രൂരമായിങ്ങനെ കുത്തിത്തുറന്നത്?
തുരുമ്പിച്ചടർന്നു പോം ജീവിതം കൺമുന്നിൽ
മറയേതുമില്ലാതെ നീർത്തി വിരിച്ചിട്ട്
ഓർമ്മകളിലേക്കെല്ലാ വേരും തുളച്ചാഴ്ത്തി
ഒരു നെടുവീർപ്പായ് മുനിഞ്ഞിരിപ്പാണമ്മ
പലകടലിങ്ങനെയലയടിക്കുന്നുണ്ട്
കരകൾ കാണാതെയാ മനസിലിപ്പോൾ
നിറയും കക്കകൾക്കിടയിൽ ഞാൻ വെച്ചൊരു
കളിവീടു പോയെന്നു ഖിന്നയായെന്നോണം
കൊടുംകാറ്റു തുടലഴിച്ചലറവേ കിനാവെല്ലാം
ചിതറിപ്പറന്നു പോയ് മാഞ്ഞെന്ന പോൽ
ചാഞ്ഞു പതിക്കും വെളിച്ചം മുഖത്തിന്ന്
നിലക്കാതെഴുതുന്നെത്ര ഭാവങ്ങളിങ്ങനെ… !