Thursday, August 7, 2025

യുദ്ധാനന്തരം

 യുദ്ധം നിലച്ചപ്പോൾ കണ്ണീരും

ചോരയും കുതിർത്ത മണ്ണിൽ

മുളയ്ക്കാതെ പോയൊരു കാടിൻ്റെ

കറുപ്പുനിറഞ്ഞ നിശ്ശബ്ദത .


വർണവെളിച്ചം കുടിച്ചു ജീവിതം

തിമിർത്തു നിന്ന നഗര വീഥികൾ

അസ്ഥികൂടങ്ങളുടെ നിഴലെന്ന പോൽ

ഭീതിയുടെ വിറങ്ങലിപ്പ് ചൂഴ്ന്നൂ..


ജീവിതമൊരു വിശപ്പിൻ്റെ മുഷ്ടിയായ്

നെഞ്ചിലാഞ്ഞടിക്കുമ്പോൾ

പൊള്ളിയടർന്ന കൺകോണുകൾ

കീറത്തുണിയാൽ തുടച്ച് തളർന്നവർ


വെടിനാദങ്ങളൊടുങ്ങിയിടത്ത്

കാക്കകളുടെ കരച്ചിലിൽ പോലും

കനവറ്റുപോയ നിലവിളികളുടെ

കനത്ത പ്രതിധ്വനികൾ മാത്രം !


തകർന്ന വീടുകളിലുറവേ തേടുന്ന

ജീവിതച്ചില്ലു കൾ ചേർത്തു നോക്കുന്ന

മരണമുഖത്തും വാടാൻ മടിക്കുന്ന

ജീവിതാസക്തിയുടെ വേരുകൾ!


വെടിനിർത്തലിൻ്റെ മൂടൽ മഞ്ഞിൽപ്പുതഞ്ഞ്

മറഞ്ഞിരിക്കുന്ന കൊലച്ചതിയറിയാത്ത

കുഞ്ഞു പുഞ്ചിരിയിൽ കണ്ടു

പിടിവള്ളിയായുയരുന്ന പ്രതീക്ഷ!


കത്തിത്തീരാത്ത ചാരക്കൂനക്കരികെ

ഒളിച്ചു തളിർത്തൊരു തുളസിക്കതിർ,

പുതിയ പ്രഭാതങ്ങൾ തേടി വരുമെന്ന്

വെറുതേ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.


സമാധാനം ഒരിക്കലുമൊരു സമ്മാനമല്ല

അവസാനമില്ലാത്ത പോരാട്ടം മാത്രം!

അനുപമ കെ ജി

ആഗസ്ത് 7. 2025.

Sunday, January 12, 2025

ആനന്ദം

 

പാൽക്കടൽ പോലെപ്പരക്കുമീ നറുനിലാവു

തിരുന്നതെന്റെയീ ഹൃത്തിൽ നിന്നോ?

കരിമേഘനിരകൾക്കുംമായ്ക്കുവാനാ-

വാത്തൊരാനന്ദമുള്ളിൽ മുളച്ചിടുന്നു..

വ്യഥ ,വേച്ചകാലുമായിപടികടന്നിന്നെൻറെ

അതിരുകൾക്കകലേക്ക്മാഞ്ഞുപോയി 

പൊടിയേറിമെനകെട്ടസ്വപ്നങ്ങളോപിന്നെ

കിളിവാതിൽ ഓടാമ്പൽ നീക്കിപ്പറന്നു പോയ്..

കരയിലെ നറുംഗന്ധമാകെ വാരിപ്പൂശി

കാറ്റു പടിവാതിൽക്കൽ കാത്തുനിന്നു ,

പുതുനിറം തൂകിക്കിനാവിൻ മഴവില്ല്

വാനത്തിനതിരുകൾ ചേർത്തു നിന്നു .

ഉള്ളിൽ തിരിയിട്ടു കാലം കൊളുത്തിയ

ക്ലാവുപച്ചച്ച നിലവിളക്കോ ,തേച്ചുമിനുക്കി -

യിട്ടേഴുതിരിയിട്ടു പൊന്നൊളിതൂകി

ച്ചിരിച്ചുനിൽപ്പു..


ഘെരാവോ

 ഘെരാവോ


ഒന്നാമത്തെയും ഒടുക്കത്തെയും 

മണിമുഴക്കങ്ങൾക്കിടയിൽ

പിടഞ്ഞോടുന്ന ചെറുദൂരങ്ങളിൽ  തളച്ചിട്ട പകലുകളും , 

വിവരശേഖരണത്തിലും വിതരണ  കണക്കിലും

രക്ഷിതാക്കളുടെ  ആധിത്തീയിലും

പൊരിയുന്ന സായന്തനങ്ങളും , 

നുണയാൻ നേരം കിട്ടാത്ത   

സൗഹൃദത്തിൻറെ മധുരങ്ങളും ,

കഴുകിത്തീരാത്ത പാത്രങ്ങളും , 

അണയാത്ത കനലുള്ള അടുപ്പുo,  

പൊടിയടങ്ങാത്ത അകത്തളങ്ങളും   

ചാപിള്ളയാക്കി മനസ്സിൽ തന്നെ   അടക്കിയ

നൂറുകണക്കിന് കവിതകൾ

ഇന്നെന്നെ സ്വപ്നത്തിൽ വന്ന് ഘരാവോ ചെയ്യുന്നു.

നാട്യം

 നാട്യം             അനുപമ കെ ജി


കഴിഞ്ഞ കാലത്തിന്റെ

ഖജനാവിൽ സൂക്ഷിക്കാൻ

നാം തന്നെ അരക്കിട്ട്

അടച്ചുകെട്ടിയ ഓർമ്മകളുടെ

കൂടുമായി നീയെന്നെ

എന്തിനാണിന്നും തേടി വന്നത്?

നിനക്കറിയുന്ന പോലെ

മറ്റാർക്കാണറിയുക

നാമിരുധ്രുവങ്ങളിലെ

ഒരിക്കലും അതിരു പങ്കിടാത്ത

വിദൂര വൻകരകളെന്ന്?

നിനക്കെന്നപോലെ

മറ്റാർക്കറിയാം ശതകോടി

പ്രകാശ വർഷങ്ങൾക്കകലെ

എരിഞ്ഞു തീരുന്ന രണ്ടു

തമോഗർത്തങ്ങളാണു നാമെന്ന്.

നിന്നിൽ തകർത്തു പെയ്യുന്ന

പെരുമഴയുടെയലകളോ

എന്നിലെ കൊടുങ്കാറ്റിന്റെ

നിലയ്ക്കാത്ത ആരവങ്ങളോ

തമ്മിൽത്തമ്മിലൊരിക്കലും

കണ്ടുമുട്ടാനിടയില്ലെന്നും

പങ്കു വെക്കാനാവില്ലെന്നും 

നമുക്കല്ലേ ഏറെയറിയുക ?

എന്നിട്ടും നീ വന്നതെന്തിനെന്ന്

എന്നെ പറഞ്ഞു ബോധിപ്പിക്കാൻ

നിനക്കോ മറ്റാർക്കുമോ

കഴിയാതെ പോയേക്കാമെന്ന്

വെറുതേയൊരുൾഭയം !

എല്ലാമറിഞ്ഞിട്ടും അജ്ഞത

നടിക്കുന്നവളുടെ വെറും നാട്യം !