Thursday, April 13, 2023

കാടും കടലും

 കാടിന്നുനടുവിലുംകടലിനെയോർക്കുന്നവരോട്

പ്രണയത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല

കണ്ണീരുപ്പുതീണ്ടി വക്കടർന്ന രാപകലുകളിൽ

കടൽക്കാറ്റിൽപുതഞ്ഞ് ,കൈകോർത്ത കിനാക്കൾ കിലുക്കി ,

പ്രണയമാപിനിയുടെ സൂചികൾ നിലവിട്ട് കുതിച്ചതും,

ജ്വരബാധയേറ്റ് കിനാമധുരങ്ങൾ ഉരുകിയലിഞ്ഞതും

അവരോളമറിയുന്നവർ ആരുണ്ട് വേറെ?

കാത്തിരിപ്പിന്റെയന്ത്യത്തിലുയർന്ന

ദ്രുതഹൃദയ താളങ്ങളും

ഉയിരിന്റെ കണങ്ങളിൽ വിരിഞ്ഞ പൂക്കാലവും

മൗനത്തിൽ നിന്നവർ ഒപ്പിയെടുത്തേക്കാം

മിഴിയിൽ തിളച്ചൊഴുകുന്ന നിഗൂഢമായ പ്രണയം 

പിന്നെ നാമെങ്ങനെ പറയാതൊളിച്ചു വെക്കും !


കണ്ണിൽ ഇരവിന്റെ കൺമഷിയെഴുതീ ഇന്നെന്റെയമ്പിളി !

തീരാത്ത കാത്തിരിപ്പിനൊടുവിൽ

തപ്താനുരാഗം കനിഞ്ഞ സൂര്യനെ മാത്ര മോർത്ത്❤️

നിലയ്ക്കാത്ത നിനവുകൾ ചേർത്ത് വച്ച്

മനക്കോട്ട കെട്ടുന്നതിൽ രാവും പിന്നിലല്ല ,

രപ്പൂക്കളുടെ മണം തേച്ച വിരലുകളിരുളിലൊളിപ്പിച്ച

കുളിരു മാറ്റാൻ പ്രണയത്തിന്റെ

പുതപ്പു തുന്നിക്കാത്തിരിപ്പായിരുന്നു.

ഊർന്നു വീഴുന്ന പെരുമഴത്തുള്ളികളെ

പോലും തിളപ്പിച്ച

ഉടലിന്റെ ഊഷ്മാവ് തൊട്ടറിയാൻ

വന്നപോൽ രാമഴയും….

എല്ലാം അറിയുന്നവരോട് പ്രണയത്തെക്കുറിച്ചല്ലാതെ

മറ്റെന്തിനെക്കുറിച്ചു പറയാൻ ….😍

മറക്കാൻ

 ആരൊക്കെയോ കാലങ്ങളായി

ഇരുന്നിരുന്ന് ചതഞ്ഞു പോയ

കസേരയിൽ ഞാനും..

കാത്തിരുപ്പിനർത്ഥമില്ലെന്ന്

ഓരോ നിമിഷവും മാഞ്ഞു

പോകവേ കാതിൽ ചൊല്ലി.

എങ്കിലും വെറുതേ…


 തിരക്കുകൾക്കിടെ നീ

എന്നെ എവിടെയൊക്കെയോ

മറന്നു വെക്കുന്നു..

തിരികെ വന്ന് തിരിച്ചെടുക്കാൻ

പലപ്പോഴും മറന്നു പോകുന്നു.

നിന്റെയൊരു വാക്കെങ്കിലും

തിരികെ വിളിക്കുന്നതും കാത്ത്

കണ്ണിലെ തിരി കെടുത്താതെ

ഞാൻ കാത്തിരിക്കുമെന്ന്

നീയൊരിക്കലും മറക്കരുതേ ..


നീ വിരിയാത്ത ചില്ലകളിലെന്നും 

ഇലയുതിരുന്ന ശിശിരമായിരുന്നു

നീയുണരാത്ത വീണയിൽ

മൗനരാഗം മാത്രം ശ്രുതിയിട്ടിരുന്നു..

നീയുദിക്കാത്ത രാത്രികളിലെന്നും

അമാവാസിയുടെ കറുപ്പും ….

നീ പെയ്യാത്ത സന്ധ്യകളിൽ

കിനാവുകളുടെ തേങ്ങലും…

ഇണ പോയ പ്രാവിന്റെ കുറുകലും മാത്രം.


മറന്നു പോകലുകൾക്കും ദൂരെ

എന്നെയോർക്കാതിരിക്കുമ്പോൾ

ശ്വാസം നിലച്ചുപോയിരുന്ന

നിന്നെക്കുറിച്ചുള്ള തേൻമധുരങ്ങൾ

ഇപ്പോഴും നെഞ്ചിൽപ്പതിച്ച്

ഞാനിവിടെ തറഞ്ഞിരിപ്പുണ്ട്…

തെറ്റിയ വഴികൾ

 അന്നൊക്കെ..നിന്നെത്തിരഞ്ഞ്

തിരഞ്ഞു ഞാൻ പോയി..,

പിന്നീടെപ്പൊഴോ

തെറ്റാൻ മറന്നൊരുവഴിയുടെ അറ്റത്ത്

എന്നെത്തന്നെ കാണാതായി..

മടക്കുകളിൽ വിള്ളൽ വീണ

 വാക്കുകളുടെ പുസ്തകം

ഞാനും നീയും ഇപ്പോൾ തുറക്കാറില്ല.. ,

തുറന്നപ്പോഴൊക്കെ ഇടിമിന്നലായി

 തോരാതെ പെയ്തപേമാരികൾ

ഓർമ്മയിലുള്ളത് കൊണ്ടാവണം … !

ഇടനെഞ്ചിലലയടിച്ച കടലിന്റെ

ഇരമ്പം എപ്പോഴാണ് ശമിച്ചത്?

അലയടങ്ങിപ്പോയിട്ടും മറക്കാതെ,

വേലിയേറ്റങ്ങൾക്കെല്ലാം

 ഇറക്കങ്ങളുമുണ്ടായി..

എങ്കിലും,

ഏറ്റത്തിരകളിലടർന്നകടൽ ഭിത്തികൾ 

പിന്നീടൊരിക്കലും മുറികൂടിയില്ല.


വറ്റിപ്പോയ ഉറവകൾ തേടി

ഇന്നോളം അലഞ്ഞ കാടുകൾ

ഇപ്പോൾ മറ്റാരുടേതോ ആണ്

നേരത്തെ കിനിച്ചിലുകളിൽ

ചുണ്ണാമ്പ് ചേർത്ത് വിടവടച്ച

അണക്കെട്ടുകളിലെല്ലാം 

കാലത്തിൻറെ മന്ത്രവാദം ! 

തിരകൾ തീർന്നു പോയ സമുദ്രങ്ങൾ 

കാറ്റ് പുതച്ച് ഉറങ്ങിപ്പോയതും

നങ്കൂരങ്ങളിൽ പവിഴപ്പുറ്റ് വളർന്ന

കപ്പലുകളിൽ കടൽ വന്നുനിറഞ്ഞതും 

ഉടല് വേവാൻ തുടങ്ങിയ  

രാത്രിയോളം മറ്റാരറിയാൻ ! 

കാട്ടുതെച്ചികൾ കൂട്ടംതെറ്റി വിരിഞ്ഞ

നാട്ടുവഴികളിൽ വാപിളർന്ന മാളങ്ങൾ

അധോലോകങ്ങളിൽ ആരുമറിയാതെ പടയോട്ടങ്ങൾക്ക് വഴിയൊരുക്കി

പ്രണയം


രാത്രിയും പകലും നിലാവുമറിയാതെ

ഞാൻ കാത്തിരുന്നതത്രയും

നിൻറെ കനിവൂറുമീ വാക്കുകൾക്കത്രേ !

എൻറെ ഹൃദയത്തിൽ നിന്നും

നിന്നെ  അലിയിച്ച്കളയാനുള്ള

രാസവസ്തുക്കളൊന്നും ആർക്കുമൊരിക്കലും കണ്ടെത്താനാവില്ല ,

അത്രയ്ക്കും നീയെന്നിൽ കലർന്നിരിക്കുന്നു😍

നിൻറെ കൺപീലിത്തുമ്പിലൊരു കനവായി ഞാൻ ചേക്കേറിയിട്ട്കാലമേറെയായി ,

എൻറെ ചുണ്ടിലെ മധുരമായും കണ്ണിലെ വെളിച്ചമായും നീ മാറിയിട്ടും …..

നമ്മുടെ ആകാശത്തിന്റെയതിരു തേടുന്നവർ

അവരുടെ പാഴ് ശ്രമങ്ങളെ അറിയുന്നില്ല

നീയില്ലാതെ ഞാനും ഞാനില്ലാതെ നീയും ഇനിയില്ലെന്ന രഹസ്യം അവരറിയേണ്ട

നമുക്ക് നിലാച്ചിറകുകൾ ചേർത്തുവച്ച് പ്രണയസ്വർഗ്ഗങ്ങളിലേക്ക് പറക്കാം

കാറ്റിനു കടലിനും മഴക്കാറിനുമൊന്നും നമ്മെ തടയാനാവില്ല ,നീയെന്റേതാണ് !

ഞാനെന്നും നിന്റേത് മാത്രവും❤

നിൻറെ ചിരിയിൽ വിരിഞ്ഞിറങ്ങുന്ന

പൂമ്പാറ്റകളെ ഉമ്മ വച്ച്

നിൻറെ കണ്ണിൽ പൂക്കുന്ന പവിഴമല്ലികളിൽ

മുഖം ചായ്ച്ചു വെച്ച്

നിൻറെ ശ്വാസത്തിലുതിരുന്നയീണങ്ങൾ

നെഞ്ചോട് ചേർത്ത് വേണം 

ഇനിയെനിക്കൊന്നുറങ്ങാൻ

അവസാനത്തെയുറക്കം പോലും😘