Wednesday, May 18, 2022

പെൺകുട്ടി

                             


സൂര്യനായുദിക്കുന്നപെൺകുട്ടികളെ

നിങ്ങൾക്കിഷ്ടപ്പെടാനാവില്ല..

അവർ വെയിലായിത്തിളച്ചാൽ 

നിങ്ങളുരുകി യൊലിച്ചേക്കാം ..

മൂർച്ചയുള്ള കൺമുനകൾ 

നിങ്ങളുടെഹൃദയം തുളച്ചേക്കാം

ചോരച്ചുവപ്പിന്റെ ലക്ഷമണ രേഖകൾ

അവളെ തളയ്ക്കാൻ പോരാതെവരാം

പാദ നഗ്നത പോലുമുണർത്തുന്ന

വികാരമവൾപ്രഹരിച്ചൊതുക്കിയേക്കാം.

പച്ചത്തെറിയുടെവേരുപിടിച്ചനിന്റെ

നാക്കവൾ വേരോടെ പിഴുതേക്കാം

അതിനാൽ …

സൂര്യനായുദിക്കുന്ന പെൺകുട്ടികളെ

നിങ്ങൾക്ക് സഹിക്കുവാനാവില്ല,

നിങ്ങളുടെ വെറുപ്പു ഭയന്നവൾ

പൂക്കളിൽ തേനായ് ഒളിഞ്ഞിരിക്കില്ല

ചിപ്പികൾക്കുള്ളിൽ മുത്തായ്

മുഖം മൂടി തപസ്സിരിക്കില്ല..

ചുമരുകൾക്കുള്ളിൽ തേങ്ങലായ്

സ്വയമലിഞ്ഞു തീരില്ലവൾ..


ഓരോ പുലരിയിലും ജ്വലിച്ചുണർന്ന്

നിന്റെ പകലുകളിൽ സൂര്യാഘാതമായ്

നിന്റെ നെറുകിൽ വെയിലുരുക്കിപ്പാർന്ന്

വിടർന്ന ചിരിയായവൾ വരും..

കാത്തിരിക്കുക.. കരുതിയിരിക്കുക !

Friday, April 29, 2022

കഴിഞ്ഞ കാലം

 

വെയിൽച്ചിരാതിൻ കനൽമിഴി തുറന്നമ്മ

കഴിഞ്ഞ കാലങ്ങൾ മടക്കു നീർത്തവേ

ചുരുട്ടി വെച്ചിട്ടും വ്യഥകളൊക്കെയും

പഴയപോൽത്തന്നെ തെളിഞ്ഞിരിപ്പൂ.

ഇരുട്ടു തീണ്ടാൻ മടിച്ച കോണുകളിലും

കുഞ്ഞിരുൾക്കഷ്ണങ്ങളൊളിച്ചിരിപ്പതും

നിലാവെളിച്ചം പൊഴിയും ചിരിയലയിൽ

വിഷാദനീലിമ പതുങ്ങിനിന്നെന്നതും

പതിയെയറിയുമ്പൊഴഗാധതയിലെവിടെയോ

മുളയ്ക്കുവാൻ വെമ്പിനിന്നൂ മിഴിനീർ മഴ!

വെളുത്തചില്ലുകൾക്കകത്തു താഴിട്ട നരച്ച കൺകളിലുറവാർന്നൊരു പുഴ !

നടന്നു നീ തീർത്ത കാൽനടപ്പാതകളി -

ലെവിടെയോ മറന്നിട്ട ബാല്യകാലം , പിന്നെ

കവിളുകൾ തുടുപ്പിച്ചു മിഴികൾ പിടപ്പിച്ച

പ്രണയാർദ്രസുന്ദര കൗമാരവീഥികൾ, 

കടമകൾകരുത്തേറ്റു നിറവേറ്റുവാൻ വെമ്പി

ഓടിപ്പിടഞ്ഞുപോം ക്ഷണികമാം യൗവനം

ഇതിനിടയിലെവിടെയോ താക്കോലു പൊയ്പ്പോയ

ഭദ്രമായ് ഓർമ്മകൾ പൂട്ടിയ പെട്ടകം

ഇന്നലെയമ്മയുറങ്ങുമ്പോഴാരാണ്

ക്രൂരമായിങ്ങനെ കുത്തിത്തുറന്നത്?

തുരുമ്പിച്ചടർന്നു പോം ജീവിതം കൺമുന്നിൽ

മറയേതുമില്ലാതെ നീർത്തി വിരിച്ചിട്ട്

ഓർമ്മകളിലേക്കെല്ലാ വേരും തുളച്ചാഴ്ത്തി

ഒരു നെടുവീർപ്പായ് മുനിഞ്ഞിരിപ്പാണമ്മ

പലകടലിങ്ങനെയലയടിക്കുന്നുണ്ട്

കരകൾ കാണാതെയാ മനസിലിപ്പോൾ

നിറയും കക്കകൾക്കിടയിൽ ഞാൻ വെച്ചൊരു

കളിവീടു പോയെന്നു ഖിന്നയായെന്നോണം

കൊടുംകാറ്റു തുടലഴിച്ചലറവേ കിനാവെല്ലാം

ചിതറിപ്പറന്നു പോയ് മാഞ്ഞെന്ന പോൽ

ചാഞ്ഞു പതിക്കും വെളിച്ചം മുഖത്തിന്ന്

നിലക്കാതെഴുതുന്നെത്ര ഭാവങ്ങളിങ്ങനെ… !


Tuesday, April 26, 2022

പിച്ചകം

          

ഇവിടെയിപൂവില്ലാ മുള്ളുകൾ തീർക്കുന്ന

ഇരുൾവേലിപ്പടർപ്പിന്റെയാഴത്തിൽ ഞാൻ

ഒട്ടൊന്നൊളിച്ചിരിക്കട്ടെയിടക്കീറൻ

നിലാവു വന്നിന്നെത്തിനോക്കാതിരിക്കുവാൻ

നിലാവിരൽ പതിയെത്തലോടുകിൽ      പിന്നെയും

വിരിയാതിരിക്കുവാനാവില്ലയെന്നെന്റെ

നിനവുകൾക്കറിയാം നിനക്കെന്നപോൽ

ഒരു പിച്ചകപ്പൂവായ് നറുമണം പെയ്യുവാൻ

മറന്നേക്കു കെന്നെന്നെയാരോ വിലക്കുന്നു

നറുനിലാത്തിരിയായ് തെളിഞ്ഞു കത്തില്ലെന്നു

കരാറെഴുതി നൽകാൻ കയർക്കുന്നു നെഞ്ചകം

തിരയായ് കുതിച്ചിനി തീരങ്ങൾ പുൽകുവാൻ

മുതിരല്ലേയെന്നല്ലേ ഹൃദയം മിടിച്ചതും.

സൂര്യനായ് നെറുകിൽ നീ തെളിയിലും കൺപൂട്ടി

ഇരുളിനെ ധ്യാനിച്ചു തപസനുഷ്ഠിക്കുവാൻ

തണു മഴത്തുള്ളിയായ് മിഴിയിൽ നീ പെയ്താലും

കനലിൽ വേവും വേനൽച്ചൂളയായുരുകുവാൻ

ഇരു കൈകൾ നീട്ടി നീയേകുന്ന മധുരം

കാണാതെയറിയാതെ , കൈ തട്ടിമാറ്റുവാൻ..

തിരികെ ഞാൻ പോകാംതിരിഞ്ഞൊന്നു നോക്കാതെ

കണ്ണുനീർച്ചോലയിൽ കാൽ വഴുതി വീഴാതെ

രാത്രിപുഷ്പങ്ങൾ വിരിഞ്ഞോട്ടെ നിത്യവും

വിരിയേണ്ടെനിക്കിനിയൊരു രാവിലും .

നിന്റെ നോട്ടങ്ങളെ കാണാതെ പോകുന്നു

പിൻവിളി നിസ്സംഗമായ് കേൾക്കാതിരിക്കുന്നു

നീ നീട്ടും ചില്ലകൾ മോഹിപ്പിക്കില്ലെന്നെ

വിരിയില്ല ഞാനിനിയീകരൾ ചില്ലയിൽ!



Friday, April 8, 2022

കൂടപ്പിറപ്പ്

 കൂടപ്പിറപ്പ്           അനുപമ .കെ ജി

അറിയുവാനെന്തുണ്ട് കൂട്ടുകാരാ

നമ്മൾ പിരിയാമുളന്തണ്ടും പാട്ടുമല്ലേ?

ഉള്ളിലെ ശ്ശൂന്യത നുള്ളി നോവിക്കു - മ്പോളലയടിച്ചൊഴുകുന്നയീണമല്ലേ !

മനo കൊത്തിക്കീറി കൊക്കുകൾ കൂർത്തവർ

കൊത്തി മുറിവേൽപ്പിച്ച ചിന്തകളും

അന്തിക്കു മിന്നലായ് കത്തും കിനാക്കളുo

വാക്കിന്റെ വക്കിലെയണയാത്ത ജ്വാലയും

മാറാല മൂടിയ മുറിവിന്റെ നീറ്റലും

എല്ലാമൊരു പോലെയാകയാലല്ലേ നാം

അന്യോന്യമറിയുന്നു പകലു പോലത്രമേൽ

പിറന്നില്ല നമ്മളൊരേയുദരത്തിന്റെ -

യിരുളിൽ, നുണഞ്ഞില്ലൊരേ മുലപ്പാൽ

എങ്കിലുമുള്ളിൽ മിടിക്കും ഹൃദയത്തിൻ

രാഗം, ഭാവം, ലയമേകതാളം….

മുജ്ജൻമ ബന്ധങ്ങളായിരിക്കാം ചില

കാണാക്കണക്കിൻ കളികളാവാം ദിക്കുകൾ വരകളാൽ ചേർക്കുമീശൻ

ഒരു പോൽ വരച്ചിട്ട തലവരകൾ !


പറയുവാനിനിയെന്തു കൂട്ടുകാരാ

നമ്മിലലയടിക്കും കടൽ, ആഞ്ഞു വീശും കാറ്റ്,പൊഴിയും നിലാവുമീ

ഹിമകണവും

എല്ലാമൊരുപോലെ.. നമ്മെപ്പോലെ..