Monday, July 13, 2020

കറുപ്പും വെളുപ്പും


                                                       അനുപമ കെ ജി

ചുവന്ന ചുണ്ടുള്ള തത്തകൾക്കും

മഴവിൽ നിറമുള്ള കുരുവികൾക്കും

ചുറ്റിലുമെപ്പോഴും കമ്പിവലകൾ കൊണ്ട്

അതിരുകൾ തീർക്കപ്പെട്ടു..

ഇരുട്ടിൻ്റെ പുഴയിൽ മുങ്ങി

കറുത്തു പോയത് കാക്കകൾക്ക്

 തുണയായി, കൂട്ടിലടച്ചിട്ടില്ലാരും.

കറുത്ത ചുണ്ടുകൾ വിടർത്തി

 മനോഹരമായി പാടിയെങ്കിലും

കുയിലുകൾക്ക് റിയാലിറ്റി ഷോയിൽ

ഇടം നേടാനാവാതെ പോയീ..

വെളുത്തു പോയ മുടിയിഴകളിൽ

കറുപ്പു വാരിയണിഞ്ഞവർ പോലും

വെളുത്ത പ്രാവുകളെ മാത്രം തേടി,

കൂട്ടിലിട്ട് ചിറകുകളരിഞ്ഞ് ഓമനിക്കാൻ!

പാലു പോലെ വെളുത്തിട്ടും

കറുത്തു പോയ കാലുകൾ നോക്കി

കൊറ്റികൾ നെടുവീർപ്പിട്ടു,

വെളുപ്പിക്കാനേറെ മരുന്നു തേച്ചിട്ടും

കറുത്തു പോകുന്ന കൊള്ളിക്കാൽ

കനിഞ്ഞു തന്ന വെളുത്ത പകലിൻ്റെ

കൂട്ടിലിടാത്ത സ്വാതന്ത്ര്യം തിരിച്ചറിയാതെ !

കറുത്ത കട്ടൻ ചായയെ വെളുത്ത

പാലൊഴിച്ച് മേക്കോവർ നടത്തിയവർ

കരിമൂർഖനേയും കരിവണ്ടിനേയും

കരിന്തേളിനെയും ബ്ലീച്ച് ചെയ്യാൻ

പലവഴി കളന്വേഷിച്ച് പരാജയപ്പെട്ടു.

നിറങ്ങളും വെൺമയും മത്സരിച്ച

പൂന്തോട്ടങ്ങളിലൊന്നിൽപ്പോലും

ഒരൊറ്റ കറുത്ത പൂപോലും

മഷിയിട്ടു നോക്കീട്ടും കാണാനായില്ല!

കറുപ്പു തിന്ന് മുരടിച്ച കരളും

വെളുപ്പു തേടി മയങ്ങിയ മനസുമുള്ളവർ

ഇരുട്ടിൻ്റെ കറുപ്പു ഭയന്ന് കണ്ണടയ്ക്കുമ്പോഴേക്ക്

നിറമുള്ള സ്വപ്നങ്ങളെ മാത്രം

കൂട്ടിനു കൂട്ടി സ്വസ്ഥമായുറങ്ങി.. 

ഒടുവിലത്തെയുറക്കത്തിൽ മാത്രംകിട്ടുന്ന

ഇരുട്ടിൻ്റെ ശാന്തതയെക്കുറിച്ചോർക്കാതെ.


Tuesday, July 7, 2020

പേമാരി


 

ശൂന്യതയുടെ പരപ്പളവു തിട്ടപ്പെടുത്താനാവാത്ത

ആകാശത്തിൻ്റെ അതിരുകൾ ഭേദിച്ച്

ആഴങ്ങളിലേക്കാഞ്ഞു പെയ്ത്,

ഭൂമിയുടെ തലച്ചോറു വരെ തകർത്ത്

ചോരയുടെ കടലാഴങ്ങളിലെ

ഉപ്പുരസം കലർത്തിയുറഞ്ഞു പൊട്ടി

അടിവേരുകളിലമിട്ടു പൊട്ടിച്ച്

കടപുഴക്കി... ഒരൊറ്റക്കുതിപ്പ്!

കൂട്ടിവെച്ച സങ്കടങ്ങളും കിനാക്കളും

ഒരലമുറയിലൊലിച്ചു പോയതും

കാണാ പിടിവള്ളികൾക്കായി

ശ്വാസം മുറുക്കെപ്പിടിച്ചതും

ചത്തുചീർത്ത് മണ്ണോടടിഞ്ഞ്

ഇരുട്ടിൻ്റെ നെഞ്ചിലൊളിച്ചുകളിച്ചതും

ഒരു നിമിഷാർദ്ധം കൊണ്ട്

മറന്നു പോകുന്നു, മഴക്കിലുക്കത്തിൽ !


Monday, July 6, 2020

ശപഥം

         

തിരക്കിനിടയിൽ അടയിരിക്കാൻ പോലും

നേരം കിട്ടാതെ പോയ കിളികൾ

കാലത്തിൻ്റെ കണ്ണുവെട്ടിച്ച് മണ്ണിൻ്റെ

നെഞ്ചിലാണ് മുട്ടകളൊളിപ്പിച്ചത്…

വേനലിൻ്റെ കൂർപ്പിൽത്തട്ടി വക്കുകൾ

വിണ്ടുകീറിക്കിനിഞ്ഞ 

ആത്മാംശത്തിൻ്റെ വിലാപങ്ങൾ 

കേട്ടില്ലെന്ന് നടിച്ച് 

ചിറകുകൾ മിനുക്കിയ കിളികൾ

ദൂരദേശങ്ങളിൽ പറന്നു ചേക്കേറി.

കൈക്കുമ്പിളിൽ കോരിയ നിലാവിൻ്റെ

നനവുമായ് എന്നോ പെയ്ത രാമഴയിൽ

മുള പൊട്ടിയ ചില കൂർത്ത കൊക്കുകൾ

ഇരുട്ടുകൊത്തിക്കീറി ,ആകാശം നോക്കി

ഭ്രാന്തമായി വളർന്നു …

മണ്ണെടുത്ത ചിറകുകൾ പാടെ മറന്ന്

കെട്ടുപിണഞ്ഞ നൂറായിരം ചില്ലകൾ നീട്ടി

പൂക്കാലങ്ങൾ കാത്തിരിക്കുമ്പോളും

കടലിൻ്റെ വിശാലതകൾക്കപ്പുറത്തു നിന്ന്

ജീവിതം മടുത്ത് ചിറകുപൂട്ടാൻ

 തിരിച്ചെത്തിയ ദേശാടനക്കിളികൾക്ക് 

കൂടുകൂട്ടാനൊരിളം ചില്ല പോലും

കൊടുക്കാതിരിക്കാനവർ ശപഥമെടുത്തു ,

മറന്നു പോയ പൊക്കിൾക്കൊടികൾ

കടും നോവാർന്ന് ഓർമ്മിപ്പിച്ചിട്ടും

കാരിരുമ്പിൻ്റെ കടുപ്പമാർന്ന ഹൃദയം

മുറുകെപ്പിടിച്ച ഉഗ്രശപഥം .

ഉറക്കം



കുപ്പിച്ചില്ലു പതിച്ച മതിൽ ചാടി

കടന്നുകളഞ്ഞ ഉറക്കം വഴിതെറ്റിയിട്ടാണോ

എന്തോ പിന്നെ തിരിച്ചു വന്നില്ല

വെളിച്ചം തുപ്പുന്ന വഴിവിളക്കുകളും

ഞാന്നു കിടന്ന ആഢംബര റാന്തലും

വലിച്ചു കുടിച്ച ഉറക്കത്തിൻ്റെ

ജീവരക്തമുണങ്ങിപ്പിടിച്ച ചഷകങ്ങളും

പാടേ കാലിയായിപ്പോയിരുന്നു..

കിനാവിൻ്റെ പട്ടച്ചരടു പൊട്ടി

നേരിലേക്ക് കൂപ്പുകുത്തിയിട്ടാവാം

ഞാനിരുട്ടിനെ തിരയാൻ തുടങ്ങി,

കുരുമുളകു മണക്കുന്ന നിലവറക്കടിയിലും

സന്ധ്യ വേർപെട്ട ഓരടിപ്പാതയിലും

മനസ്സലഞ്ഞു നോക്കി..

എവിടെയാണു ഞാൻ മറന്നു വെച്ചത്??

നഗരവിളക്കുകളുടെ പ്രഭയിൽ 

പാഴ്വസ്തുക്കൾക്കൊപ്പം ചേർത്ത്

ഇരുട്ടു തൂക്കി വിറ്റതും

ഓർമ്മകളെ വലിച്ചെറിയാൻ

തിരകളുടെ തീരം തിരഞ്ഞു പോയ നാൾ

കുപ്പിയിലടച്ച് ആഴിക്ക് സമ്മാനിച്ചതും

ഓർമ്മകൾക്കൊപ്പം സുഖമുള്ള

ആ ഇരുട്ടു കൂടിയായിരുന്നില്ലേ..?

പിന്നെവിടെ ത്തിരഞ്ഞിട്ടെന്ത്?-

മന:സാക്ഷിയുടെ സ്വരമുയരുന്നു.'

പെയ്യാതെ പോയ കണ്ണീർമേഘങ്ങളുടെ

കറുപ്പു കടം വാങ്ങി കണ്ണിലൊഴിക്കാം

മനസ്സിനെ യല്ല കണ്ണിനെയെങ്കിലും

പറഞ്ഞു പറ്റിക്കുവാൻ

ഇനിയത്ര മാത്രമേ ചെയ്യാനുള്ളു...