Friday, May 29, 2020

മറവിരോഗം


തന്നെയുപേക്ഷിച്ചു പടിയിറങ്ങിപ്പോയ
ഓർമ്മകളെത്തേടിത്തന്നെയാവണം
അച്ഛൻ ആരും കാണാതെ പട്ടാപ്പകൽ
പലകുറി വഴി തെറ്റിയിറങ്ങിപ്പോയത്.
നേർത്തുപോയ സ്വബോധത്തിന്റെ
നൂൽ വെളിച്ചം നയിക്കുന്ന വഴികൾ
തെറ്റിപ്പോവുന്നതൊന്നുമറിയാതെ
സ്വയം ഉറപ്പിച്ച ശരി വഴികളിൽ ...
സ്നേഹത്തിന്റെ ചങ്ങലക്കണ്ണികൾ
തീർത്ത കരുതൽ വിലങ്ങുകൾക്കെല്ലാം
കണ്ണു തെറ്റിപ്പോകുന്ന ചുരുക്കം ചില മാത്രകൾ
പിഴയ്ക്കാതറിയുന്ന സൂക്ഷ്മ വികൃതി!
അബോധത്തിന്റെ ദിശാസൂചികൾ
ഒറ്റവഴിയിൽ മാത്രമെന്നും നയിച്ചതിന്റെ
വികല ഗണിതം മാത്രമിന്നുമജ്ഞാതം.
ചോരത്തിളപ്പിന്റെ കാലത്തേയുപേക്ഷിച്ച
ദൈവ ഗൃഹത്തിന്റെ ഗോപുരം പിൻതള്ളി
മാഞ്ഞു പോയ ഏതോ ഒറ്റയടിപ്പാത തേടി
നാൽക്കവല ചുറ്റിപ്പലകുറി വലം വെച്ച്,
തിരികെ വിളിക്കുമ്പോൾ ചുണ്ടു കോട്ടിക്കൊണ്ട്
വാശി പിടിക്കുന്ന കുഞ്ഞായി , അച്ഛൻ..
ചുരുട്ടിപ്പിടിച്ച കയ്യിൽ മുറുകെപ്പിടിച്ച
ക്ലാവുകേറിക്കറുത്തൊരു പിച്ചളത്താക്കോൽ..
തുറക്കാൻ മറന്നു വെച്ച ഏതോ ചില പൂട്ടുകൾ
ഭൂതകാലത്തിലേക്കെന്നും നീട്ടി വിളിച്ചു !
ആർക്കറിയാം താഴിട്ടുപൂട്ടിത്താക്കോൽ
നഷ്ടപ്പെട്ട മനസിന്റെ യറകളിലെരിഞ്ഞ
മുറിവുകൾ നീറുന്ന തീരാത്ത നോവുകൾ!
സാധിച്ചു നൽകാനൊരിക്കലുമാവാതെ
നെഞ്ചു പൊള്ളിക്കാനെനിക്കായ്ക്കരുതിയ
ഇന്നുംപിടികിട്ടാത്ത നീണ്ട വഴിക്കണക്കുകൾ !!

നിദ്ര

                                                     


ഇരുമ്പുപാളങ്ങൾ ഞെരിച്ചമർത്തികുതിച്ചെത്തിയ തീവണ്ടി'..
ചൂളം വിളികൾക്കും സീൽക്കാരങ്ങൾക്കും മീതേ ഉയരാൻ
തീരേ കെല്പില്ലാഞ്ഞിട്ടും ചുറ്റിലെ ബഹളങ്ങളെയാകെ
നിശ്ശബ്ദതയുടെ ചങ്ങലയിൽ തളച്ചു കളഞ്ഞു ആ കുരു'ന്നു ശബ്ദം!
അസ്ഥി വരെ വെന്തുപോവുന്ന ചൂടത്ത് വെറും നിലത്ത്
ആറടി നീളത്തിലൊരു പഴം തുണികൊണ്ട് മൂടി
അവന്റെയമ്മ തണുത്തു വിറങ്ങലിച്ചു കിടന്നു, അനങ്ങാതെ,
അമ്മേയെന്നയിളം വിളികളിൽ നെഞ്ചു ചുരത്താതെ
കുഞ്ഞു വിരൽ സ്പർശത്തിൽ കണ്ണുതുറക്കാതെ,
നിതാന്ത നിദ്രയുടെ വൻകരയിൽ ഏകയായി.
വരൾച്ച മാറ്റാൻ തുള്ളി വെള്ളം കൊതിച്ചുണങ്ങിപ്പോയ
തൊണ്ടയിലുണരാത്തൊരു മറുവിളിചങ്ങലക്കിട്ട്,
കനൽപ്പാത താണ്ടിയ പാദങ്ങൾ വിണ്ടടർന്ന്,
സഹിച്ചു മടുത്ത വിശപ്പിന്റെ കദന കാണ്ഡങ്ങളെ
രാഷ്ട്രീയ പ്രഹസന വിദൂഷകർക്കെറിഞ്ഞു കൊടുത്ത്,
വിശപ്പും ദാഹവും ദുഃഖവുമില്ലാത്ത ദൂരങ്ങളിലേക്ക്
അവൾ ടിക്കറ്റെടുക്കേണ്ടാത്ത യാത്രയാരംഭിച്ചു..
പുതപ്പിനടിയിലൊളിച്ചുകളിച്ച നിഷ്കളങ്ക ബാല്യം
അമ്മമാറിന്റെ ചൂടിനായപ്പോഴും വിളിച്ചു നോക്കി..
*        *                     *    *               *        *
കുഞ്ഞേ സ്വയം നീ താണ്ടിയേ തീരൂ
നിനക്കായ് വിധി വെട്ടും നീണ്ട തീച്ചാലുകൾ
കാക്കരുതന്യന്റെ സാന്ത്വനങ്ങൾക്കായ്
തേടരുതിരുളിൽ പിടിവള്ളികൾക്കായ്
മനുഷ്യരത്രമേൽ സ്വാർത്ഥരാണണുവിട -
യപരനായ് കണ്ണീർ പോഴിച്ചേക്കുമെങ്കിലും
കരളുവേവില്ല നാളെ നിൻ വിധിയോർത്ത്
കാലമുരുളുന്നതിൻ വേഗമേറീട്ടാവാം!!!
                                                   

Sunday, May 24, 2020

ലോക്ക് ഡൗൺ


ആരും നടക്കാത്ത പ്രദക്ഷിണ വഴികളിൽ
കമ്യുണിസ്റ്റ് പച്ചയുടെ പുതുവസന്തം
തിരിയിട്ടു വിളക്കു കൊളുത്തി വെച്ച്
താഴിട്ട ശ്രീലക വാതിലിനപ്പുറം
ചെറുകാറ്റു പോലുമില്ലാതെ ദൈവം,
വിയർത്തകുളിച്ചിരുന്ന് ശീലമായി .
രണ്ടേ രണ്ടു തെച്ചിപ്പൂവും തുളസിക്കതിരും
വാഴനാരിൽ കോർത്തണിയിക്കാറുണ്ട്
കാഴ്ച്ചക്കാരില്ലാത്തപ്പോൾ ആർഭാടവും
ആഭരണങ്ങളും അപ്രസക്തം!
കാണിക്കയും ദക്ഷിണയും വഴിപാടും
മുടങ്ങിയതിൽ ദൈവത്തിനു പരിഭവമില്ല
പൂജാരിയുടെ നെഞ്ചിലാവട്ടെ ,
കാർമേഘങ്ങളുടെ കാഴ്ചശീവേലി!
നിത്യച്ചെലവിന്റെ വഴിപാടു ശീട്ടുകൾ
കീശയിൽത്തന്നെ ചുരുണ്ടിരിപ്പല്ലേ...
പുണ്യാഹത്തിനും തീർത്ഥത്തിനും
തുരത്താനാവാത്ത മഹാമാരിയിൽ
നടയിൽ സാനിറ്റൈസർ അർപ്പിച്ച
ദീർഘദർശിയെ ദൈവം  മനസാനമിച്ചു.
ദ്രവിച്ച ശ്രീലക വാതിലിന്റെ വിടവിലൂടെ
ഇരുട്ടിനും മറയ്ക്കാനാവാതെത്തി നോക്കുന്ന
അവ്യക്തമായ പുറം കാഴ്ചകൾ
വിരസത മാറ്റാൻ തീരേ തികയില്ല!
മൊബൈൽ ഫോണില്ലാത്ത പാവം ദൈവം
കണ്ണടച്ച് ഉത്സവങ്ങൾ കിനാവു കണ്ടു
ആനയും അമ്പാരിയും.. വാദ്യമേളങ്ങൾ
ഇയർഫോണിലെന്ന പോലെ ചെവിയിലേറ്റി
നൂറ്റാണ്ടുകൾ നീണ്ട ക്വോറന്റൈനിലിരുന്ന്
പാഠങ്ങളേറെ പഠിച്ചു കഴിഞ്ഞ സർവ്വേശ്വരൻ
കൊറോണയേ യോർത്ത് ചുണ്ടിൽ
ഒരു ഗൂഢസ്മിതം വിരിയിച്ചു.'
ഈ മനുഷ്യരിനി എന്തെല്ലാം കാണാനിരിക്കുന്നു!!