Wednesday, February 20, 2019

ആത്മഹത്യ


ചേർത്തടച്ച ചുണ്ടുകൾക്കിടയിൽ
അടിഞ്ഞുകൂടിയ ഇരുട്ട് ഞാൻ -
കാർക്കിച്ച് തുപ്പിക്കളഞ്ഞു.
കണ്ണിലെ വരൾച്ചയുടെ വിണ്ടു കീറലിൽ
എണ്ണ തുളിച്ച് കരിന്തിരി കൊളുത്തി
കാർമേഘങ്ങളുടെ നെഞ്ചിലേക്ക് തന്നെ
ഉന്നം വെച്ച് വില്ലു കുലച്ചാഞ്ഞൊരമ്പെയ്ത്
ഒട്ടും കിതയ്ക്കാതെ ഞാൻ നിവർന്നു നിന്നു !
കണ്ണു കുത്തിപ്പൊട്ടിച്ച നിലാവിനെ നിർദാക്ഷിണ്യം
പടിയടച്ച് പിണ്ഡം വെച്ചു തിരിച്ചയച്ചു
കൂട്ടി വെച്ച പാഴ്ക്കിനാക്കൾക്ക് മണ്ണെണ്ണയൊഴിച്ച്
ആഴി കൂട്ടി  ചിതയൊരുക്കിയൊരുദകക്രിയ!
കാൽക്കീഴിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്
കുതറുന്ന രാത്രിയെഅവജ്ഞയോടെ നോക്കി,
പൊട്ടിച്ചിരിച്ചു, ആവൃത്തി കൂടിയ ഒരട്ടഹാസം!
മഞ്ഞിൽ മരവിച്ചൊരു പ്രഭാതവും നാളെ
നിന്നെത്തേടി വരില്ലെന്ന് സ്വയം പറയുമ്പോൾ
ചക്രവാളത്തിലാരോ എനിക്കൊപ്പമട്ടഹസിച്ചു,
മറ്റാരുമല്ല! മൂർദ്ധാവിൽ ഭ്രാന്തുരുക്കിയൊഴിക്കുന്ന
അഹങ്കാരമൂർത്തി! സൂര്യനല്ലതാര്?

Saturday, February 16, 2019

അടുക്കളത്തോട്ടം


സായാഹ്നത്തിന്റെ ഇത്തിരിക്കുശുമ്പുകൾ
കിഴികെട്ടി ചാണകവെള്ളം തൂവിയതും
പകൽച്ചായ കളുടെ വെടിവട്ടത്തിന്റെ
ചിരിവിത്തുകൾ ഉണക്കാനിട്ടതും
എന്റെയീ അടുക്കളത്തോട്ടത്തിലാണ് .
പുകയൂതി കരിപിടിപ്പിച്ച ചെറു പിണക്കങ്ങളും
നെഞ്ചിലാധിത്തീപടർത്തിയ ചില നടുക്കങ്ങളും
വേരോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും
അരികുകളിൽ വേരുറപ്പിച്ചാർത്തുവളരുന്നു.
അവിശ്വാസത്തിന്റെയും നോവിന്റെയും വിത്ത്
വെള്ളമൊഴിക്കാഞ്ഞതിനാൽ മുളച്ചില്ല!
ആകാശത്തേക്കു പടരാൻ നിന്ന സങ്കടങ്ങളുടെ
കടയ്ക്കൽ തന്നെ കത്തിവെച്ചത് നന്നായി.
വളമിട്ടതത്രയും സ്നേഹവാത്സല്യങ്ങൾക്കാണ്
അതുകൊണ്ടാവാം ചില പുഴുക്കുത്തുകൾ!
തിരക്കിന്റെ മാറാല തട്ടി ഇല ചുരുട്ടികളെ തുരത്തി
നേരം പോലെ നന്നാക്കണം.. പ്രതീക്ഷകളാണ്
കണ്ണു തെറ്റിയാൽ നശിച്ചുപോകും, കലികാലമല്ലേ?

         അനുപമ കെ ജി

വാലന്റെെൻ.

                     അനുപമ കെ ജി
ഇന്നലെ വഴിയരികിൽ ചത്തുമലച്ച
പ്രണയം ഇന്നീ പ്രണയ ദിനത്തിൽ
നീ കുഴി വെട്ടി മൂടിയത് നന്നായി !
വെള്ളപുതപ്പിക്കാനെത്തിയില്ലേലും
ഞാൻ ഒരു പുഷ്പചക്രം സമർപ്പിച്ചു,
എന്റെയും നിന്റെയും പേരിൽ,
വിഷം തീണ്ടി മരിക്കും മുൻപ് പകർന്ന
മധുരത്തിന്റെ ഓർമ്മയിൽ -
ഹൃദയരക്തത്തിന്റെ നിറമുള്ള
പൂക്കളാലൊരു റീത്ത്!
ചത്തവന് പൂക്കൾക്ക് പോയിട്ട്
സ്വപ്നങ്ങൾക്കു പോലും പ്രസക്തിയില്ല,
എങ്കിലും ....
ഒരിറ്റു കണ്ണീരിന്റെ നനവു പോലുമില്ലാതെ
വരണ്ടുപോയ മണ്ണിൽ പ്രണയംമണ്ണിട്ടു -
മൂടാമെന്ന് നീയാണ് തീരുമാനിച്ചത്,
കോപാഗ്നിയിൽ ചിതയെരിക്കാമെന്നാണ്
ഞാൻ ഓർത്തുറപ്പിച്ചത്,
എന്റെ മനസെന്നും തന്തൂരിയടുപ്പല്ലേ?,
അവിടെയും സമവായത്തിലെത്താനായില്ല !
 **.     **.       **.    **.   **.   **.     **.     **
ഇനിയീ ഉറുമ്പുകൾക്കിവിടെയെന്താണിടപാട്?
പ്രണയത്തിന്റെ നീരിന് ചത്താലും
മധുരമുണ്ടാവുമോ എന്തോ?
ഓ.. മതി, എനിക്കുറക്കം വരുന്നു!!