മാറിൽ വേരൂന്നിയ വൻ വൃക്ഷങ്ങളെ
സ്ത്രീധനത്തുക പോരാത്തതിന്
വേനൽ പട്ടിണിക്കിട്ട് കൊന്നു കഴിഞ്ഞു
ചെറുനാമ്പുകളുടെ കാലിൽ പിടിച്ച്
ചുമരിലിടിച്ച് മസ്തിഷ്കം തകർത്ത ചുടുകാറ്റ്
വേനലിന്റെ കൂടപ്പിറപ്പ് തന്നെ!
ഓടിയൊളിക്കാനിടമില്ലാതെ മരണം മണത്ത്
കുഴഞ്ഞു വീണ തുളസിച്ചെടികൾ
വെന്റിലേറ്ററിൽ മരിച്ചു ജീവിക്കുന്നു -
ഹൃദയമില്ലാത്ത വിത്തുകൾ മുളപ്പിക്കരുതേയെന്ന്
എത്ര തവണ നിന്നോട് പ്രാർത്ഥിച്ചു?
വെൺമേഘങ്ങളുടെ ഞരമ്പിലേക്ക്പടർന്നു
കയറിയ ചുവപ്പിന്റെ വിളർത്ത രേഖ
തലച്ചോറു തകർന്ന കുരുന്നിന്റേതാണ്
കാറും കോളും തിരകളുമില്ലാത്ത
കപ്പൽച്ചാലിൽ കലർന്ന ഉപ്പുരസം
പട്ടിണിക്കിട്ട് കൊന്ന പെങ്ങളുടെ
ഉറവ വറ്റാത്ത കണ്ണീരിന്റേത്.
കാപട്യത്തിന്റെ വെളുത്ത ചിരികളിൽ
മയങ്ങാൻ വരിനിൽക്കുന്ന കുഞ്ഞനുറുമ്പുകൾ
ചുറ്റിലും നടക്കുന്നതൊന്നുമറിയില്ല
അറിഞ്ഞാലും വിശേഷമില്ല _
വേനൽ ഇനിയും പുറത്തെടുക്കാത്ത
ആയുധങ്ങളെയോർക്കുമ്പോൾ ഉമിനീരു
പോലും വറ്റി ഞാൻ മരുഭൂമിയാവുന്നു!
പെരുമഴക്കുമുമ്പ് ഉറവകൾ പൊടിയും മുമ്പ്
ഇടിമുഴക്കത്തിനൊപ്പം മിന്നലിന്റെ
തുമ്പത്തൊരു തീ നാളം ഒളിപ്പിച്ച്
എരിച്ചു കളയാമോ കനിവു വറ്റിപ്പോയ
ഈ കിരാത വേഷങ്ങളെയപ്പാടെ?
ഒരാശയറ്റവളുടെ പ്രാർത്ഥനയാണ്
ചെവിക്കൊള്ളണം ദയവായി !