വേനൽച്ചൂടിനെ അടവെച്ചു വിരിയിച്ച
കൊന്നപ്പൂക്കൾ കൊണ്ട് തോരണം തൂക്കി നോട്ടങ്ങൾ ജനലഴി തകർത്ത്
പുറത്തേക്ക് തന്നെ പാഞ്ഞത്
തടവറയുടെ ഓർമ്മകളെ തോൽപ്പിക്കാൻ !
ഇനിയുംവിരിയാത്തകവിതകൾക്കുമേൽ
അടയിരിക്കാനിത്ര കാലവും
സമയമേയുണ്ടായിരുന്നില്ല!
ഇപ്പോൾ കാലുകൂട്ടിക്കെട്ടിയിട്ട
നാലു ചുമരുകൾക്കുള്ളിൽ
കവിത പോയിട്ടൊരു കൊതുകുപോലും
മൂളാൻ വരാത്തതെന്തേ?
വരൾച്ചയും വേനലിന്റെ കൂടപ്പിറപ്പെന്ന്
മനസിലിരുന്നാരോ പറയുന്നുണ്ടോ?
നിർത്താതിങ്ങനെ പായാരം പറയാൻ
മന:സാക്ഷിയുള്ളപ്പോൾ
തടവിലിട്ടാർക്കും തോൽപ്പിക്കാനാവില്ല !
ഒറ്റപ്പെടലെന്ന വജ്രായുധം
തോൽവി സമ്മതിച്ചേ മതിയാവൂ.
മഴത്തുള്ളികളെ സ്വപ്നം കാണുന്നത്
നിർത്താനാവാത്ത കൺപീലികൾ
കണ്ണുനീരിനെക്കൂട്ടുപിടിക്കാൻ ശ്രമിക്കും
എങ്കിലും ഉള്ളിലിരുന്ന് വിലക്കുന്നവളെ
കണ്ണുകൾക്കും ഭയമാണ്.
വാതിലിൽ മുട്ടി വിളിക്കുന്ന മരുഭൂമികൾ
പടിപ്പുറത്തു തന്നെ ഇന്നുമുറങ്ങുന്നതും
മന:സാക്ഷിയെ പേടിച്ചു തന്നെ,
ഇങ്ങനെ 'അദ്വൈത'ത്തിന്റെ യാനന്ദത്തിൽ മുങ്ങവേ
ചുറ്റിലെ തടവും തടവറയും മായുന്നു..
ഉഷ്ണത്തിന്റെ ലാവ കോരി
കുളിരുന്ന പനിനീരാക്കാൻ പഠിക്കവേ
ചുമരിലെ സുഷിരത്തിലൂടിറങ്ങിവന്നത്
മറ്റാരുമല്ല മറഞ്ഞിരുന്ന കവിത തന്നെ