Wednesday, March 18, 2020

തലവര

കുനിഞ്ഞു പോയ ശിരസുകളിൽ
തലവര വരച്ചു ചേർക്കൽ
അത്രയൊന്നുമെളുപ്പമല്ല.. എന്നിട്ടും
ദൈവം പരിശ്രമം നിർത്തിയില്ല,
ബാധ്യതകളും ദൗർബല്യങ്ങളും
സമാസമം തൂക്കിയെടുക്കുമ്പോൾ
കൈകൾ വിറയ്ക്കാതെ നോക്കണം
തന്റേടത്തിന്റെ പാത്രത്തിൽ അറിയാതെ
കൈതൊട്ടാൽ ഉടനെ പിൻവലിച്ചേക്ക്
ഭയം, വിഹ്വലത ,അപമാനം
മൂന്നും ചാക്കു കണക്കിനരികിലുണ്ട്
നിർലോഭം ചാലിച്ചെടുക്കണം, കൂടെ
ആത്മവിശ്വാസം അരകല്ലിലിട്ട്
തവിടുപൊടിയാക്കിയതും ചേർക്കാം
സങ്കടത്തിന്റെ തടാകം കവിഞ്ഞൊഴുകാതെ
കോരിയെടുത്ത് ചേർത്താൽ മതി
ഏകാന്തതയുണ്ട് മട്ടുപ്പാവിൽ ചിതലരിക്കുന്നു
അടുത്ത മുറിയിൽത്തന്നെ നിസ്സഹായതയും
രണ്ടും പാകത്തിനെടുത്തേക്കാം,
ഒടുവിൽ നിരാശയുടെ പത്തായം തുറന്ന്
ഒരു പറചേർത്താൽ ഏതാണ്ട് തീരും
ഇനിയൽപ്പം വിശ്രമമാവാം..
നാളെ മൂർദ്ധാവിൽ ആണിയടിച്ച്
ചരടു പിടിച്ച് ,അരികു വളയാതെ
ഒറ്റവരവരച്ചാൽ ദുരിതം തീർന്നു !!

Tuesday, March 17, 2020

എന്റെ സ്വപ്നങ്ങൾ

 കേടുവന്ന കാലൻ കുട പോലെയാണ്                                                                    ചില സ്വപ്നങ്ങൾ
എത്ര നിവർത്തി വെച്ചാലും താനേ പൂടിപ്പോവും    ,   
രുകുഞ്ഞു കാറ്റടിച്ചാൽത്തന്നെ 
അകം പുറം മറിയുന്ന നിസ്സഹായതകൾ
പാതി നുണഞ്ഞുവെച്ച മിഠായി പോലെ വേറെ ചിലത്
എത്രയോടിച്ചു വിട്ടാലും ഉറുമ്പുകൂട്ടങ്ങൾ                                          തിരിച്ചു വന്നോണ്ടിരിക്കും
അവസാന മധുരവും നുണഞ്ഞു തീർന്നു                                          എന്നുറപ്പാവുവോളം..

ഇനി ചിലതുണ്ട് ചില്ലുപാത്രത്തിലടച്ചിട്ട                          '                   
   സ്വർണ മീനിനെപ്പോലെ,
ദൂരെ നിന്നോ ണ്ടോർക്കവേ മനോഹരം,
ഒന്നരയടി ഉള്ളളവിന്റ ഒടുക്കത്തെ സ്വാതന്ത്ര്യം!

ഒളിഞ്ഞിരിക്കുന്ന ചെറു സ്വപ്നങ്ങൾ                              
കാട്ടുപൂക്കളെപ്പോലെയാണ്!
കാഴ്ചക്കാരാരും തിരിഞ്ഞു നോക്കാത്ത                                                    കാട്ടുമൂലകളിൽ
സുഗന്ധം ചേർക്കാൻ മാത്രം പതിയെവിരിഞ്ഞ്
സ്വകാര്യതയിൽ ആത്മാവു തന്നെയാവുന്ന
നിലാവു കുറുക്കിയ  കനി മധുരങ്ങൾ!!