ചായം തേച്ച നഖങ്ങൾ നീട്ടും കയ്യിൽ
അന്തിച്ചോപ്പുള്ളആപ്പിളുകളിതെങ്ങനെ?
അറ്റം തിളങ്ങുന്ന വാളാൽ നൊടിയിടെ
വെട്ടിയെടുത്തപ്പോൾവിരലുകളും
ചെഞ്ചോപ്പണിഞ്ഞു പിടഞ്ഞു.
വിടർന്ന നീലക്കണ്ണുകളെല്ലാം
കറുത്ത മേലാപ്പിട്ടു മൂടി
കാഴ്ചകളിലേക്ക് കറുപ്പു തേക്കാൻ
കിങ്കരന്മാരെ നേരത്തേ ചട്ടം കെട്ടി..
എന്നിട്ടുമുതിരുന്ന ഈ തീജ്വാലകൾ
എതു തുറന്നിട്ട കണ്ണിൽ നിന്നാണ് ?
പഴുപ്പിച്ച കമ്പികൾ കൊണ്ടവ
എന്നേക്കുമായടപ്പിച്ചപ്പോൾ
ഒന്നാശ്വസിക്കാനായി.
സ്വപ്നങ്ങൾക്കു ചിറകു നൽകി
മാനത്തേരേറാൻ കുതിച്ചവളെ
മണ്ണിൽ തൊട്ടനിമിഷത്തിൽ
ഉന്നം തെറ്റാതെ ചിറകരിഞ്ഞു..
ഓർമ്മകളുണരും മുമ്പേ
ഒരു തീക്കനൽ കൊണ്ട്
പുലരിയോടൊപ്പം യാത്രയാക്കീ..
കിരീടത്തിലിപ്പോളൊരു തൂവൽ കൂടി.
ഭീതിയിരുട്ടിയ രാവിന്റെ യിരുൾമറയിൽ
കിട്ടിയതെല്ലാം മാറാപ്പുകെട്ടി
അതിർത്തി തേടിപ്പോയ നിറയൗവനം
വഴിതെറ്റി അട്ടഹാസങ്ങൾ പൂത്ത
നാൽക്കവലയിൽ പകച്ചപ്പോൾ
നൂറുരു ദൈവനാമം വാഴ്ത്തി
ഉതിർത്തൂ പതിനാറുണ്ട!
നാം തന്നെ ദൈവമെന്നാരോ
ഉറക്കെ പറയുന്നുണ്ടുള്ളിൽ !
ഇനിയിവിടെയാർക്കൊക്കെ -
യുറക്കെ ചിരിക്കണം?
പകൽ വെളിച്ചം കണ്ടീവഴി നടക്കണം?
ആർത്തി മാറുന്നില്ലെന്റെ
തീരാ വെടിയുണ്ടകൾക്കും
ദാഹാർത്തരായ്ത്തീർന്ന
കൂർത്ത വാൾത്തുമ്പിനും
സ്വാതന്ത്ര്യം ചോരച്ചാലിട്ടൊഴുക്കും
മണ്ണിെന്റ ചോപ്പിൽ കാലൂന്നി നാം..
ഉറക്കെച്ചിരിച്ചിതാ പോർവിളി
വിളിക്കുന്നു..
ഇനിയിവിടെ പുതു സാമ്രാജ്യം
പുത്തനാം നയങ്ങളും ,തടയാൻ വരില്ലാരും !