Sunday, December 13, 2020

ഉടലു നഷ്ടപ്പെട്ട കുട്ടി



ദൈവമിനിയെന്നോട് മിണ്ടണ്ട!

ഉടലില്ലായ്മയുടെ നോവിലും

നീരസം പറയാതെ വയ്യ!

അമ്മയുടെ മക്കളുടെ

എണ്ണത്തിൽ നിന്നും

ഒന്നും പറയാതെ

എന്റെ പേരു വെട്ടി മാറ്റിയില്ലേ?

ആരോടും ചോദിക്കാതെ

കുടുംബത്തിന്റെ വർത്തമാന 

കാലത്തിൽ നിന്നും

എന്നെ ഇറക്കി വിട്ടു… !

എനിക്ക് വെക്കുന്ന അത്താഴ 

പാത്രംഎണ്ണത്തിൽ നിന്നും

കുറച്ചു കളഞ്ഞു ..

എൻറെ സ്വന്തമെന്ന് ഞാൻ 

വാശി പിടിച്ചിരുന്നചായക്കോപ്പ

ആർക്കു വേണമെങ്കിലും

എന്നെ എടുക്കാമെന്ന 

ഭാവത്തിൽ നിസ്സംഗനായി.

എൻറെ മാത്രമെന്നോർത്ത

  കളിക്കോപ്പുകളും , പന്തും

 എന്നെ നിഷ്കരുണം മറന്നു ..

എന്നിട്ടും അമ്മമാത്രമെന്തേ

അതെല്ലാം കെട്ടിപ്പിടിച്ച് 

കണ്ണീർ വാർക്കുന്നു..


അച്ഛൻ വരുമ്പോൾ എനിക്കായി 

കരുതുന്ന ചക്കരമുട്ടായികൾ

ആരൊക്കെയോ ചേർന്ന് വീതിച്ചെടുത്തു…

അവയിലൊന്നും എൻറെ പേരില്ലായിരുന്നു.

എങ്കിലും അച്ഛൻനെഞ്ചിൽ 

കയ്യമർത്തിതടവിപ്പോയത് 

എന്നെയോർത്തിട്ടു തന്നെയാവണം !

ടിവിയുടെ റിമോട്ട് കൺട്രോൾ

മേശപ്പുറത്തിപ്പോൾ

 അനാഥമായി കിടക്കുന്നു

വറുത്ത മീനിൻറെ വാൽ

ക്കഷണങ്ങൾ, തല്ലുകൂടാൻ

ആളില്ലാത്തതിനാൽ 

പാത്രത്തിൽ വെറുതേ

വെറുങ്ങലിച്ചിരിക്കുന്നു..

അവസാന ദിവസം ഞാൻ

അരിഞ്ഞെടുത്ത പുല്ല്തിന്ന 

പശുക്കുട്ടി , തൊഴുത്തിൽ

ഒന്നുമറിയാത്തപോലെ

തലയാട്ടിക്കൊണ്ട് നിന്നു .

പുല്ലുകൾക്കിടയിൽ നിന്നും

എന്നിലേക്ക് വിഷം ചീറ്റിയ

അണലിക്കും അതേ ഭാവം ..

ഞാൻ വരച്ച ചിത്രങ്ങളും

പൂർത്തിയാക്കാത്ത നോട്ടും

എൻറെ കുപ്പായങ്ങൾക്കൊപ്പം

അലമാരയിൽ തുറക്കാതെ

പൂട്ടി വച്ചിരിക്കുന്നു .

പുസ്തകങ്ങൾക്കിടയിൽ

 ഞാൻ വച്ച മയിൽപീലി

ചിലപ്പോൾ പെറ്റുകാണും .

അതൊന്നും പക്ഷേ 

ഇനി ആർക്കും വേണ്ട.

മൈതാനത്തിന്റെ കളിയാരവത്തിൽ

നിന്നെന്റെ ശബ്ദം മാത്രം

 തീർത്തുംനിശ്ശബ്ദമാക്കി ,

 പൊടുന്നനെ എന്നെയിങ്ങനെ

ആരുമാരുമല്ലാതാക്കിയ

ദൈവത്തിനോട് ഇത്രയെങ്കിലും

പറയാതെ വയ്യല്ലോ!

വേണ്ടാ.. മതി മിണ്ടണ്ടയിനി..!!