Sunday, March 17, 2019

സ്വപ്നം


വായ്ക്കുരവയിടാനാണ് സ്വപ്നങ്ങൾ മോഹിച്ചത്,
വായ്ക്കരിയിട്ട് ഒടുക്കേണ്ടി വന്നത് യോഗം !
വഴി തെറ്റി വന്ന ഒരു പക്ഷി ഇന്നലെ
എന്റെ കാൽച്ചില്ലയിൽ ചേക്കേറിയിരുന്നു,
ഇന്നു പുലർന്നപ്പോൾ അതിന്റെ ചിറകരിഞ്ഞതാരാണ്?
നിനക്കതിനാവുമോ?ആവോ,
 കരളരിയുന്നതിനേക്കാൾ പ്രയാസമില്ലല്ലോചിറകരിയാൻ
ഹൃദയത്തിൽ നീ കൊളുത്തിയ തീപ്പന്തം
നിന്റെ നെഞ്ചിലേക്കെറിയാഞ്ഞത്
എന്റെ നെഞ്ചിൽ പൊടിഞ്ഞ ഏതോ ഒരുറവ
നിന്നെയോർത്തുള്ള കണ്ണീരിന്റേതായതിനാലാണ്
ആ ഒഴുക്കിൽ തീയണഞ്ഞു പോയിട്ടാണ്.
വാക്കിന്റെ ആഴികൾ ആർത്തലച്ചപ്പോഴും
മൗനിയായത്  മാപ്പു പോലും തരാനില്ലഞ്ഞിട്ട്!
നീലക്കണ്ണുള്ള ഒരു ചിത്രശലഭം പലതവണ
നിന്നിൽ നിന്നെന്നിലേക്ക് പാറി വന്നതാണ്
പൊടുന്നനെ അതിനും മതിയായി,
ആവർത്തനത്തിന്റെ വിരസതയാവാം!!
എങ്കിലും ജാലകത്തിന്റെ വിരി നീക്കി
കാറ്റു വന്നപ്പോഴൊക്കെ അടക്കിപ്പിടിച്ചനിന്റെ
ഒരു വിളി ഞാൻ കാതോർക്കുന്നു.
തോന്നലിന്റെ നങ്കൂരം ഇപ്പോഴും അടിത്തട്ടു തൊട്ടില്ല
വേനലല്ലേ..... ഭ്രാന്തു പിടിച്ചു കാണും .

Saturday, March 16, 2019

ആത്മവൃക്ഷം


 നരച്ച ആകാശത്തിനു ഞരമ്പുകൾ
വരച്ചപോലെനീ-
പൊഴിക്കാനിനിയൊറ്റയിലയില്ലാതെ,
പച്ചപ്പിന്റെ വിദൂര സ്മരണ പോലുമില്ലാതെ
ഹൃദയത്തിന്റെ വരൾച്ച മുഴുവൻ പുറത്തു കാട്ടി,വേരറ്റവനെപ്പോലെ മുന്നിൽ.
എന്നിൽ -
അഗാധതയിലെങ്ങോ നിനക്കായൊരിക്കൽ
കിനിഞ്ഞു തുടങ്ങിയ ഉറവിന്റെ നനവ്
നിന്റെ വേരുകൾ തിരഞ്ഞെത്താതായിട്ടുും
വറ്റിയിരുന്നില്ല, കൊടുംവേനലിലും!
നിന്നിലോ -
വരണ്ട നാവിൻതുമ്പിൽ വിഷം തേയ്ക്കാൻ
ഇരുൾ പറ്റി വന്ന കഴുകൻമാർ നെഞ്ചിൽ തന്നെ കൂടു കൂട്ടി
കാടിന്റെ യാരവംപൂത്ത ചിന്തകളിലെങ്ങും
നുഴഞ്ഞു കേറിയ പുഴുക്കൾ തിമിർത്തു ...
മുരടിച്ച ജീവനാഡികളുടെ തുമ്പും
വെറുപ്പിന്റെ കരിമ്പാറകളിൽ തടഞ്ഞ്
വഴി മറന്നു.
കറുപ്പു തിന്ന ഓർമ്മകൾക്കും പതിയെ
കടും കറുപ്പു ബാധിച്ചു പോയപ്പോൾ,
നിന്റെ വഴികളിലേക്ക് നടക്കാൻ
ഞാനും മടിച്ചു.
നീ കാതോർത്ത ഇടിമുഴക്കങ്ങൾക്ക്
ഇടിഞ്ഞു പെയ്യാൻ ഇനിയും സമയമായില്ല....
കണക്കു കൂട്ടലുകളുടെ പിഴവുകളാവാം..!

മരുഭൂമികളുടെ മറുകര

കടലുകളുടെ മാത്രമല്ല മരുഭൂമികളുടെയും
മറുകര തേടുന്നതൊരു സമസ്യയാണ്
തുടക്കമോ ഒടുക്കമോ കണ്ടെത്താനാവാതെ
ദിശതെറ്റിപ്പോയ നിലവിളികളുടെ -
ഒടുങ്ങാത്ത മുഴക്കങ്ങളും,
കാന്തമുനയുടെ തുടിപ്പ് തീർന്ന വടക്കു-
നോക്കിയന്ത്രങ്ങളുടെ പിടച്ചിലുമില്ലാത്ത
ഏകാന്ത മരുപ്പച്ചകൾ കടന്ന്
നോട്ടം കുരുക്കിൽ കോർത്ത്
കാതങ്ങൾക്കപ്പുറത്തേക്ക് നീട്ടിയെറിഞ്ഞ്
പുതുദൂരങ്ങൾക്കുമപ്പുറത്തെ കര തേടുന്നു.

വടുക്കൾ പോലും ബാക്കി നിർത്താതെ
വ രണ്ടു തീർന്ന പുഴകളും
വേരുകൾ ശിലകളിലേക്ക് പൂഴ്ത്തി
ആഴങ്ങളിലാണ്ട മരങ്ങളും ,
ചുട്ടുപൊള്ളിത്തീർന്ന പ്രതീക്ഷകളും,
ചതിച്ചു മാഞ്ഞ മരീചികകളും പിന്നിട്ട്
കാറ്റിനൊപ്പം പാഞ്ഞ നോട്ടങ്ങൾ -
പാതിവഴിയിൽ തൊണ്ട പൊള്ളി
കണ്ണുനീറി തളർന്നുവീണതല്ലാതെ
പ്രതീക്ഷയുടെ മറുകരകളിൽ നങ്കൂരമിട്ടില്ല!
മരുഭൂമിയല്ലേ, മറുകര കണ്ടെത്തി
അതിരുകൾ വരച്ച് മതിലു കെട്ടാനാവില്ല
ഉപേക്ഷിക്കാം തിരച്ചിലിനിയിവിടെ
അനാഥമാക്കിയ മറ്റു പലതിനുമൊപ്പം!

Thursday, March 14, 2019

തടവ്


ഹൃദയത്തിൽ ഞാനൊരു കാടിന്റെ വിത്ത്
                                     മുളപ്പിക്കാനിട്ടിരുന്നു
പുറം ലോകത്തിന്റെ പാളികൾ തുളച്ച്
                           കടന്നു കയറുന്ന വെളിച്ചം
തടഞ്ഞു നിർത്തി ഇരുട്ടു പെയ്യിക്കാൻ!

കണ്ണുകളിലൊരു കാർമേഘത്തിന്റെ മേലാപ്പ്
                               ചേർത്തു കെട്ടിയിരുന്നു,
ഇറുക്കിയടച്ചിട്ടും നുഴഞ്ഞു കയറുന്ന -
                             നിലാവിന്റെ കൺവെട്ടം
തലോടി സ്വപ്നങ്ങൾമുളക്കാതിരിക്കാൻ!

ചുണ്ടുകളിൽ ചോര നിറമുള്ള നൂൽ ചേർത്ത്
                                       തുന്നിക്കൂട്ടിയിരുന്നു,
ചെറിയ താക്കോൽ പഴുതിലൂടെ പോലും
                                      ആർദ്രമൊരു വാക്ക് -
നിലതെറ്റിയടർന്നു വീഴാതിരിക്കാൻ!

എങ്കിലും ഒന്നുറങ്ങിയുണരുമ്പോഴേക്ക്
അതെല്ലാം മറന്നു പോകുന്നതെന്തേ?

Friday, March 8, 2019

സന്ധ്യ


കറുപ്പിലലിയും മുൻപൊരു നിമിഷം
സന്ധ്യ പിടിതരാത്തൊരു ചിരി ചിരിക്കും
പല ചായങ്ങൾ തേച്ച് ദിവസേന,
വാതിൽ വരെ വന്ന് ഭ്രമിപ്പിക്കും,
നക്ഷത്ര ദൂരങ്ങൾ തേടി യാത്ര പോകാൻ
വിളിക്കാതെ വിളിച്ച് കൊതിപ്പിക്കും...,
ഇലകൊഴിഞ്ഞ ശിഖരങ്ങളിലൂടെ കൺ നീട്ടി
ഹൃദയത്തിലേക്കൊളിയമ്പയക്കും.. ,
എങ്കിലുമെനിക്കറിയാം,
മിന്നാമിന്നികൾ പൂത്ത രാത്രിയുടെ ഗന്ധം
നെഞ്ചിൻ കൂടു ഞെരിച്ചാലേ ഉറങ്ങാനാവൂ.
ഇരുട്ടിന്റെ സൂചി ക്കുത്തിൽ അകം -
 പുളഞ്ഞാലേ കിനാവുകളുണരൂ ..
നിറങ്ങൾ പൂത്ത സന്ധ്യകൾ
ഉറക്കം കെടുത്താൻ മാത്രമേ കൊള്ളൂ
രാത്രിയുടെ കരിമ്പടം പുതച്ചു സ്വപ്നത്തിലേക്ക്
ആണ്ടു പോകാനാണെനിക്കിഷ്ടം ,
മാത്രമല്ല, പണ്ടെന്നോ
കഴുത്തിൽ കുടുങ്ങിയ കുരുക്കിൽ പിടഞ്ഞ
പ്രണയത്തിന്റെ യോർമ്മ തികട്ടുന്ന  ചവർപ്പിൽ
തല ചായ്ക്കാൻ ചുമൽ തേടാത്ത
പെൺകരുത്തിന്റെ വിത്തു വിതച്ച നീറുന്ന വേദന!
അതു മാത്രമാണെന്നുമെനിക്ക് 'സന്ധ്യ !!