Sunday, February 25, 2018

കണ്ണീർ..,

     
കണ്ണൂരല്ലിത് ...കണ്ണീർ..,
കരളിൽ കനിവില്ലാ കരിമ്പാറകൾ വാഴു-
മിരവിന്റെ നിറമുള്ള കണ്ണൂർ!!
കതിരോനുദിക്കുമ്പോൾ നേരംകളയാതെ
കുരുതിക്കു വാളൂരിച്ചോക്കുന്ന കണ്ണൂർ,
ചോപ്പല്ല ചോരയുണങ്ങിക്കറുത്തു പോയ്..
കണ്ണീരിലുപ്പുകുറുക്കുന്ന തീരങ്ങൾ.
കാറ്റിന്നു പോലും ചുവപ്പിന്റെ ഗന്ധം,
കൊലവിളിയിലമരുന്നു തേങ്ങൽ
കുരുതിക്കളം നിറഞ്ഞാടുന്നു തെയ്യങ്ങൾ,
വെട്ടി നുറുക്കുന്നുടൽപ്പൂവുകൾ;
കണ്ണുരല്ലിത് കണ്ണീർ !
കരൾ മുറിഞ്ഞാർത്തുപെയ്യും വിലാപങ്ങൾ ,
പട്ടച്ചരടറ്റനാഥമാം ബാല്യങ്ങൾ,
പെരുവഴിയിലുടയും ശിരസിനൊപ്പം മാഞ്ഞ
സിന്ദൂരരേഖകൾ... താലിച്ചരടുകൾ
ചായുന്ന മേൽക്കൂര തോളിനാൽ താങ്ങാൻ
വെറുതെ ശ്രമിക്കും നിരാലംബ വാർദ്ധക്യം,
മാമ്പൂവു കണ്ടു കൊതിച്ച മാതൃത്വങ്ങൾ
കണ്ണിലുറവിട്ട വരൾച്ചതീണ്ടാപ്പുഴകൾ
കണ്ണൂരല്ലിത്...കണ്ണീർ ...!
തിട്ടൂരമെഴുതി ,ജപിച്ച വാൾ കൈമാറി
അങ്കക്കലി കടം നൽകുന്ന മൂപ്പൻമാർ
ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങുകൾ
ഉറയുന്നു തീരാ കുടിപ്പകയിൽ ,
ഒരു നിമിഷമില്ലവർക്കോർക്കുവാൻ നാളെയി
'തിട്ടൂരമെന്നെയും തേടിയെത്തും '
അന്ന് പിടഞ്ഞ് കുരൽ പിളരുന്നേര-
മണയില്ല നെഞ്ചോടടുപ്പിച്ച മേലാളർ,
തെരുവിലിരക്കാനിറങ്ങും കിടാങ്ങൾക്ക്
തണലേകുകില്ല പ്രിയ തത്വശാസ്ത്രങ്ങൾ,
ഓർമ്മകളിലുണ്ടായിരിക്കണം വേരുകൾ
കടയറുക്കാൻ വെട്ടുമോരോരോ വെട്ടിലും...