Sunday, September 17, 2017

കണ്ണ്

           
കനത്ത ഇരുട്ടിലും, കണ്ണെത്താ കനവിലും
കാഴ്ചയേറി വന്നപ്പോൾ ഞാനെന്റെ
കണ്ണുകൾ ചൂഴ്ന്നെടുത്ത് ചവറ്റുകൊട്ടേലിട്ടു!
പതിയെ ചപ്പുചവറിനൊപ്പം കുപ്പയിലേക്കും,
പക്ഷെ പുതുമഴ പെയ്തപ്പോൾ തൊടിയിൽനാമ്പിട്ട
ഇളം വള്ളികളിൽ നിറയെ പൂത്തത് വിടർന്ന കൺകൾ !!
കാഴ്ചകളിൽ നിന്നെനിക്ക് ഒളിച്ചോടാനാവുന്നില്ലല്ലോ ദൈവമേ!

Monday, August 7, 2017

നീല നഗരങ്ങൾ


നഗരമാലിന്യങ്ങളിൽ നിന്നുയിർ പൂണ്ട്
ഇര തേടുന്ന ഓന്തുകളാണ് ചുറ്റിലും,
കളിക്കോപ്പുകൾക്കിടയിലൂടെ പതുങ്ങി വന്ന്
നീല നാവു നീട്ടുന്നു
പാപഭാരങ്ങളില്ലാത്ത പെൺ ബാല്യത്തിലേക്ക്!
അലയടിച്ചു പതയ്ക്കുന്ന നീലക്കടലിൽ
നീലച്ചുപോയ ഞരമ്പുകളുമായി ഒരു ജനത !
ആർക്കാണ് ഭ്രാന്ത് ?
കാമക്കനലെരിയുന്ന യുവതയ്ക്കോ?
കണ്ണുപൊത്തുന്ന ജനതയ്ക്കോ?
അതോ കണ്ണു നഷ്ടപ്പെട്ട രാജാക്കൾക്കോ?
നിത്യ നരക വാർത്തകളിൽ ചോരയും
കണ്ണീരുമിറ്റുന്ന കുഞ്ഞുടലുകൾ
മരവിച്ചു കിടക്കവേ,
നീലച്ചതുരത്തിലെ അധിക പ്രസംഗികൾ
അഭിസാരികയുടെ പാവാട ച്ചരടിന്റെ
കുരുക്കഴിക്കുകയായിരുന്നു,
അവളുടെ വെളിപാടുകൾക്ക്
കാതോർത്തിരിപ്പായിരുന്നു....,
കുഞ്ഞുടലിന്റെ ചുടുതേടുന്നവനെ
എതിർക്കാനവർക്കെങ്ങു നേരം?
പുളിപ്പില്ലാത്ത ഒരു പെൺനാവിൽ നിന്ന്
ഇനിയുതിരുന്ന പേരേതെന്ന് ചികയേ
മറ്റൊന്നുമോർക്കാൻ മനസുമില്ല.
അന്യന്റെ ചോറ്റുപാത്രത്തിലേക്ക്
കണ്ണയ ക്കാൻ വെമ്പും സംസ്ക്കാര സൂക്ഷിപ്പുകാർ
'മാ.. നിഷാദ' എന്നുറക്കെപ്പറയാൻ
ആദികവിയെപ്പോലും ബാക്കി വെച്ചില്ലേ???
പെറ്റമ്മമാരുടെ നെഞ്ചിലെ അഗ്നിപർവതങ്ങൾ
തിളച്ചൊഴുകേണ്ട സമയമായ്....,
നാമുണർന്നേ തീരു..

Saturday, August 5, 2017

കള്ളം

 
കാറ്റിനോടും വെയിലിനോടും ഞാൻ
കള്ളം പറയാറില്ല,
പറഞ്ഞതത്രയും സമയത്തോടാണ്....,
രാത്രിയോടും, പകലിനോടും
നിലയ്ക്കാത്ത ഘടികാരമിടിപ്പിനോടും
ഞാൻ പറഞ്ഞ കള്ളങ്ങൾ ഓർത്തുവെച്ചിട്ടേയില്ല!
ഓർത്തെടുക്കാൻ ശ്രമിക്കവെ
വക്കു ടയാത്ത ചില കള്ളങ്ങൾ
എന്നെ നോക്കി കണ്ണിറുക്കി!
കോമ്പല്ലുകാട്ടി ചിരിച്ച ചിലത്
ശരിക്കുമെന്നെ പേടിപ്പിച്ചു,
മാഞ്ഞുപോയവ മെല്ലെ വേദനിപ്പിച്ചു....,
പാവാട ഞൊറിയിലെ സ്വർണനൂലിനെയും
പാലപ്പൂ വിന്റെ യക്ഷി ഗന്ധത്തെയും കുറിച്ച്
നുണ പറഞ്ഞത് ബാല്യത്തോട്
കൺകോണിലേറ്റ മിഴിമുനകണ്ടില്ലെന്ന്
കൗമാരത്തോടും,
വിരൽത്തുമ്പ് തൊട്ടാൽ പതയ്ക്കില്ല നെഞ്ചെന്ന്
യൗവനത്തോടും ആണയിട്ടു..,
അപ്പോൾ കല്ലുവെച്ച നുണ ചങ്കിലായിരുന്നു,
ഇപ്പോൾ നിന്നെ മനസിലാവുന്നില്ലെന്ന്
വെറുതെ പറയുമ്പോഴും,
എന്നെത്തന്നെ അറിയുന്നില്ലെന്ന
സത്യം മറച്ചുവയ്ക്കുമ്പോഴും
ഞാൻ നുണപറയുന്നത് ജീവിതത്തോടാണ് !!

Saturday, July 29, 2017

തിരുശേഷിപ്പുകൾ!!



ഞാൻ നിഷ്കാസിതരുടെ
പറുദീസയുടെ കാവൽക്കാരി
കടം കൊണ്ട അത്താണികളിൽ
തല ചായ്ക്കുമ്പോൾ ,
മിന്നൽ പിണരായ് തലോടുന്ന
സ്വപ്നങ്ങൾ ,
നിമിഷാർദ്ധത്തിന്റെ മാത്രം ആയുസുള്ള
വിലക്കപ്പെടുന്ന, മുഖം തിരിയ്ക്കുന്ന
അല്പാവകാശങ്ങൾ!
സുനാമിയിലേക്കെറിഞ്ഞ
 നിശ്വാസങ്ങളിൽ നിന്നും
പുളഞ്ഞോടിയ നൊമ്പരത്തിന്റെ -
കാറ്റേറ്റ് കറുത്ത പോയ
കണക്കുകൂട്ടലുകൾ
വിശ്വാസത്തിന്റെ താക്കോൽ കൂട്ടം
തീയിലുരുക്കി വിയർത്തു പോയ
ആത്മ ബന്ധത്തിന്റെ
പാഴ് വാക്കുകൾ,
തിരക്കിന്റെ കൊടുങ്കാറ്റിൽ
ഒളിപ്പിക്കാൻ ശ്രമിച്ച
വേദനയുടെ മേഘത്തുണ്ടുകൾ
പേമാരിയായ് തന്നെ പെയ്തു നിന്ന
ഞാറ്റുവേല രാവിന്റെ
തുളയ്ക്കുന്ന മരവിപ്പ്!
ചിരിക്കാൻ ശ്രമിച്ച് വികൃതമായ് പോയ
പകലുകളിലൊന്നിൽ
ക്ലാവു പിടിക്കാതെ ബാക്കിയായ
ഒരീണം!
ഓട്ട വീണ ഓർമ്മപ്പെട്ടിയിൽ
ഞാൻ സൂക്ഷിച്ചതിത്ര മാത്രം!

                                അനുപമ

കാലിഡോസ്കോപ്പ്




കിനാവിന്റെ അടർന്നു പോയ വക്കുകൾ
കാലിഡോസ്കോപ്പിലേക്കിട്ട്
സൂക്ഷിച്ചു നോക്കി ഞാൻ ...
അതിശയം!
നിറങ്ങൾ വാരിയണിഞ്ഞ ഒരു പുതു ലോകം.,
എന്റെ സ്വപ്നത്തുണ്ടുകൾ തന്നെയോ? നിമിഷാർദ്ധ സന്ദേഹം,
കണ്ണുകൾക്കല്ലേയീ മായക്കാഴ്ചയുള്ളു...
തൊട്ടു നോക്കുന്ന വിരലിനും
നുണഞ്ഞു നോക്കുന്ന മനസിനും
നേരിന്റെ നീറ്റലറിയും...
മായകളിൽ ഭ്രമിക്കാനാവില്ല
കണ്ണാടിച്ചില്ലുകൾക്കും വെളിച്ചത്തിനും ഒടുവിൽ
ഒളിച്ചു നിൽക്കുന്ന ഇരുട്ടിന്റെ ആഴം
പല തവണ അളന്നു നോക്കിയതിനാലാവാം...

ശലഭങ്ങൾ

             ശലഭങ്ങൾ


പോർവിമാനങ്ങളെ കേട്ടിട്ടില്ലാത്ത
 കുഞ്ഞു ശലഭങ്ങൾ യുദ്ധത്തെ
പേടിക്കാറില്ല ... പക്ഷെ
പച്ചിലകൾക്കിടയിൽ പതുങ്ങി
കണ്ണു കൂർപ്പിക്കുന്ന പല്ലികളെ ,
വലയൊരുക്കി തക്കം പാർക്കുന്ന
ചിലന്തികളെ, ... പേടിക്കാതെ വയ്യ!
നിമിഷ നേരത്തിന്റെ കൺപതർച്ചയിൽ
ജന്മം തന്നെ കുരുങ്ങിപ്പോയേക്കാം.
ഇടിമിന്നലിനേയും പേമാരിയേയും
ഭയന്നില്ലെങ്കിലും പുൽനാമ്പിനൊപ്പം
നിറം മാറി ചതിക്കുന്ന പേക്കിനാവിൽ
അലച്ചുണരാതെ വയ്യ!
ലോകം കാണാൻ കൺമിഴിക്കും മുമ്പ്
രുചി പിടിച്ചെത്തുന്ന കൂർത്ത കോമ്പല്ലുകൾ,
പൂ നിറം ചേർത്ത ചിറകടിക്കുമ്പോൾ
 മണംതേടിയെത്തും കൂർച്ചുണ്ടുകൾ
പേടിയാണെന്നും
 പറക്കാൻ ,ഉറക്കെചിരിക്കാൻ
പേടിയാണീ ഭൂവിൽ കൺതുറക്കാൻ പോലും!
                                              അനുപമ കെ ജി